ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടം ഇന്ന്
ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ടൂർണമെന്റിലെ ആദ്യമത്സരത്തിന് ഇന്നിറങ്ങും. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു രണ്ടു മുതൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് ആതിഥേയരായ ഇന്ത്യയുടെ എതിരാളി. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം. നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നില്ല. അതുകൊണ്ട് ടൂർണമെന്റിൽ വിജയത്തുടക്കം അനിവാര്യം. ലോകകപ്പിനു തൊട്ടുമുന്‍പു നടന്ന ഏകദിന പരന്പരയിൽ ഓസ്ട്രേലിയയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. ഓരോ സ്ഥാനങ്ങളിലും ഒന്നിലധികം താരങ്ങൾ തയാർ. എല്ലാവരും ഫോമില്‍! മികച്ച ലൈനപ്പ് ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ അസുഖം മാത്രമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ അലട്ടുന്ന പ്രശ്നം. ഡെങ്കിപ്പനി ബാധിച്ച ഗിൽ ഇന്നു കളിക്കുമോയെന്നു കണ്ടറിയണം. നിലവിൽ വിശ്രമത്തിലാണ് അദ്ദേഹം. സമീപകാലത്ത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് ഗിൽ. ഈയടുത്ത് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലും ഉജ്വല പ്രകടനമായിരുന്നു താരത്തിന്റേത്. ഓപ്പണിംഗിൽ രോഹിത് ശർമയ്ക്കൊപ്പം മികച്ച റിക്കാർഡുള്ള താരമാണ് ഗിൽ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കും. ഗിൽ കളിച്ചില്ലെങ്കിൽ രോഹിത് ശർമയ്ക്കൊപ്പം ഇഷാൻ കിഷനോ കെ.എൽ. രാഹുലോ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. രോഹിത് തിളങ്ങിയാൽ ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് കാര്യങ്ങൾ വളരെ എളുപ്പമാകും. ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്ത മത്സരങ്ങളിലെ ഉജ്വല പ്രകടനം ഇഷാൻ കിഷന് ഈ സ്ഥാനത്തേക്കു മുൻതൂക്കം നൽകുന്നുണ്ട്. നിലവിൽ മധ്യനിരയിലാണ് ഇഷാൻ കളിക്കുന്നത്. ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറെന്ന നിലയിൽ ഇഷാനെയാണു ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിവേഗത്തിൽ റണ്‍സുയർത്തുന്ന രോഹിതിനൊപ്പം സ്ഥിരതയ്ക്കാണ് ഇന്ത്യ മുൻതൂക്കം നൽകുന്നതെങ്കിൽ, രാഹുൽ ഗില്ലിന്റെ പകരക്കാരനാകും. വണ്‍ഡൗണ്‍ വിരാട് മൂന്നാം നന്പരിൽ വിരാട് കോഹ്ലിയല്ലാതെ മറ്റൊരു താരത്തെ ഈ ലോകകപ്പിൽ ഇന്ത്യക്കു സങ്കൽപ്പിക്കാനില്ല. സ്വതസിദ്ധമായ ശൈലിയിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ഇന്ത്യ കോഹ്ലിയെ ഏറെ ആശ്രയിക്കുന്നുണ്ട്. നാലാം നന്പരിൽ ശ്രേയസ് അയ്യർ കളിക്കാനാണു സാധ്യത. വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ. രാഹുലാകും അഞ്ചാം നന്പരിൽ. ശ്രേയസും രാഹുലുമെല്ലാം ലോകകപ്പിനു മുന്‍പുതന്നെ ഫോം തെളിയിച്ചിട്ടുമുണ്ട്. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലെത്തും. മത്സരം നടക്കുന്ന ചെപ്പോക്കിലെ പിച്ച് സ്പിന്നിനു പിന്തുണ നൽകുന്നതാണ്. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ജഡേജയ്ക്കൊപ്പം സ്പിൻ ആക്രമണം നയിക്കാൻ സാധ്യതയേറെയുള്ളത് നാട്ടുകാരനായ അശ്വിൻ തന്നെയാണ്. കഴിഞ്ഞ രണ്ടു ദിവസവും അശ്വിൻ നെറ്റ്സിൽ നടത്തിയ കഠിന പരിശീലനവും അതു സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയുടെ ഇടംകൈ ബാറ്റർമാർരെ വട്ടം കറക്കാൻ അശ്വിനു കഴിയും. ബാറ്റിംഗ് മികവ് കൂടിയുണ്ടെന്നതും അനുകൂല ഘടകം.
മൂന്ന് സ്പിന്നർമാർ? സ്പിൻ പിച്ചിൽ ഇടംകൈ സ്പിന്നർ കുൽദീപ് യാദവിനെയും കൂടി ഉൾപ്പെടുത്തിയാല്‍ ഇന്ത്യൻ ടീമിൽ മൂന്നു സ്പിന്നർമാരാകും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാകും പേസ് നിരയിലെ പടയാളികൾ. ഒരു പേസറെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ കുൽദീപിനു പകരം മുഹമ്മദ് ഷമിയോ ഷാർദുൾ താക്കൂറോ ടീമിലെത്തും. കരുത്തർ, പക്ഷേ… മറുവശത്ത് കിരീടപ്രതീക്ഷയിൽ ഓസ്ട്രേലിയ മുന്നിലാണെങ്കിലും സമീപകാല പ്രകടനങ്ങൾ ഇതിനെ സാധൂകരിക്കുന്നില്ല. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരേ പരന്പര നഷ്ടപ്പെടുത്തിയ ശേഷമാണ് ഓസീസിന്റെ വരവ്. എന്നാലും, ലോകകപ്പ് പോലുള്ള വലിയ വേദികളിൽ അവർ കരുത്തു കാട്ടാറുണ്ട്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലബൂഷെയ്ൻ, സ്റ്റീവൻ സ്മിത്ത് എന്നിവർക്കൊപ്പം പരിക്കിൽനിന്നു മോചിതനായെത്തുന്ന ഗ്ലെൻ മാസ്ക്വെല്ലിന്റെ ഓൾറൗണ്ട് മികവും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കാമറൂണ്‍ ഗ്രീൻ സഖ്യത്തിന്റെ പേസ് കൂടി ചേരുന്പോൾ ഓസ്ട്രേലിയ കരുത്തരാകും. ആദം സാംപയുടെ സ്പിന്നിനും ചെപ്പോക്കിൽ ഏറെ ചെയ്യാനുണ്ട്. ഇന്ത്യ: ഇഷാൻ കിഷൻ, രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ ആർ. അശ്വിൻ, കുൽദീപ് യാദവ്/മുഹമ്മദ് ഷമി/ഷാർദുൾ താക്കുർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ. ഓസ്ട്രേലിയ: മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, അലക്സ് കാരെ, മാർകസ് സ്റ്റേയിനസ്, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, ആദം സാംപ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 150-ാം ഏകദിന പോരാട്ടമാണ് ഇന്ന് ചെപ്പോക്കിൽ നടക്കുക. ഇതുവരെ നടന്ന മത്സരങ്ങളിൽ 83 എണ്ണത്തിൽ ഓസീസും 56 എണ്ണത്തിൽ ഇന്ത്യയും ജയിച്ചു. പത്തു മത്സരങ്ങൾക്കു ഫലമില്ല. ലോകകപ്പിൽ 12 തവണ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടി. എട്ടു തവണ ജയിച്ച് ഓസ്ട്രേലിയ ലോകകപ്പിലെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ചു.
Source link