ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് പ്രണോയ്
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിൾസിൽ സെമിയിലെത്തി മെഡൽ ഉറപ്പിച്ചതോടെ 41 വർഷത്തിനിടെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടം പ്രണോയ് കൈവരിച്ചു. പരിക്കിനെത്തുടർന്ന് 80 ശതമാനം പോലും ശാരീരികക്ഷമത കൈവരിക്കാതെയാണ് പ്രണോയ് ക്വാർട്ടർ പോരാട്ടം നടത്തിയത്. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ലീ സീ ജിയയെ കീഴടക്കിയാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയിയുടെ ജയം. സ്കോർ: 21-16, 21-23, 22-20. ഇതോടെ 2023 ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽനിന്ന് ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. നേരത്തേ പുരുഷ ടീം വെള്ളി നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നാലാമത്തെ മാത്രം ബാഡ്മിന്റണ്‍ താരമാണ് പ്രണോയ്. സെമിയിൽ വിജയം നേടിയാൽ പ്രണോയ് ചരിത്രം കുറിക്കും. 78 മിനിറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ പുറംവേദന പൂർണമായും ഭേദമാകാതെയാണ് പ്രണോയ് മത്സരത്തിനിറങ്ങിയത്. പുറംവേദനയെത്തുടർന്ന പുരുഷ ടീം ഫൈനലിൽ കേരളതാരം ഇറങ്ങിയിരുന്നില്ല.
സിന്ധു പുറത്ത് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാമെന്ന ഇന്ത്യൻ ടോപ് സീഡ് വനിതാ സിംഗിൾസ് താരം പി.വി. സിന്ധുവിന്റെ മോഹങ്ങൾ പൊലിഞ്ഞു. ക്വാർട്ടർ ഫൈനലിൽ സിന്ധുവിനെ ചൈനയുടെ ഹു ബിങ്ജിയാവോ നേരിട്ടുള്ള ഗെയിമുകൾക്കു (21-16,21-12) തകർത്തു. ഇതോടെ വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. മറ്റൊരു സിംഗിൾസ് താരമായ അസ്മിത ചാലിയ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഡബിൾസിലും രണ്ട് ഇന്ത്യൻ സഖ്യവും പ്രീക്വാർട്ടറിൽ പുറത്തായി. ടോക്കിയോ ഒളിന്പിക്സിൽ ഹു ബിങ്ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. 1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ സയീദ് മോദിയാണ് അവസാനമായി ഇന്ത്യക്ക് പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് മെഡൽ സമ്മാനിച്ചത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം 2023 ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സെമിയിലെത്തി മലയാളി താരം എച്ച്.എസ്. പ്രണോയ് മെഡൽ ഉറപ്പാക്കി.
Source link