ഹാങ്ഝൗ: 100 മെഡൽ എന്ന ലക്ഷ്യവുമായാണ് 19-ാം ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ സംഘം ചൈനയിലേക്ക് പറന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഹാങ്ഝൗവിൽ ഇറങ്ങിയ ഇന്ത്യ, 100 മെഡൽ എന്ന സ്വപ്നത്തിലേക്ക് അടുത്തു. ഗെയിംസിന്റെ 12-ാം ദിനം അവസാനിച്ചപ്പോൾ 21 സ്വർണം, 32 വെള്ളി, 33 വെങ്കലം എന്നിങ്ങനെ 86 മെഡലിൽ എത്തിനിൽക്കുകയാണ് ഇന്ത്യ. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡൽ നേടിയതായിരുന്നു ഇതിനു മുന്‍പ് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം. ഗെയിംസ് മൂന്നു ദിനംകൂടി ശേഷിക്കേ റിക്കാർഡ് മെഡൽ നേട്ടവുമായാണ് ഹാങ്ഝൗവിൽ ഇന്ത്യയുടെ മുന്നേറ്റം.
ഇന്നും നാളെയുമാണ് ഇന്ത്യക്ക് സുപ്രധാന മെഡൽ സാധ്യതകൾ. നിലവിൽ പുരുഷ ഹോക്കി, ബാഡ്മിന്റണ്‍, ബ്രിഡ്ജ് എന്നീ ഇനങ്ങളിൽ ഓരോ മെഡലും കബഡിയിലും അന്പെയ്ത്തിലും രണ്ട് വീതവും മെഡലും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, ഗുസ്തിയിൽ അടക്കം 10ൽ അധികം മെഡൽ സാധ്യത ഇന്ത്യക്കുണ്ടെന്നതും ശ്രദ്ധേയം. കാര്യങ്ങളെല്ലാം ശരിയായ വഴിക്ക് നടന്നാൽ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം സെഞ്ചുറി കടക്കും. 2023 ഐസിസി ഏകദിന ലോകകപ്പ് ജ്വരത്തിലേക്ക് കടന്ന ഇന്ത്യക്ക്, ഏഷ്യൻ ഗെയിംസിൽ മെഡൽ സെഞ്ചുറി എന്നതും ഇരട്ടി മധുരമേകും.
Source link