ഇടിവെട്ട്

ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിന്റെ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാംദിനം ഉറപ്പാക്കിയത് മൂന്നു മെഡലുകൾ. പുരുഷന്മാരുടെ 92 കിലോഗ്രാം വിഭാഗത്തിൽ നരേന്ദർ ബർവാളും വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലൊവ്ലിന ബൊർഗോഹെയ്നും വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും മെഡലുറപ്പിച്ചു. ഇന്ത്യൻ താരം നിഖാത് സരീനും കഴിഞ്ഞ ദിവസം ബോക്സിംഗിൽ മെഡൽ ഉറപ്പാക്കിയിരുന്നു. ഇറാന്റെ ഇമാൻ റമീസൻപൗർഡെലാവറിനെയാണ് നരേന്ദർ ബർവാൾ ക്വാർട്ടർ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്കോറിനായിരുന്നു നരേന്ദറിന്റെ ജയം. സെമി പോരാട്ടം ജയിച്ചാൽ 28കാരനായ നരേന്ദറിന് ഒളിന്പിക്സ് യോഗ്യത ഉറപ്പിക്കാം.
നിലവിലെ ലോക ജേതാവും ഒളിന്പിക്സ് വെങ്കലനേട്ടക്കാരിയുമായ ലൊവ്ലിന ബൊർഗോഹെയ്ൻ കൊറിയയുടെ സുയേവോൻ സോങിനെ പരാജയപ്പെടുത്തിയാണു സെമിയിൽ കടന്നത്. 5-0 എന്ന സ്കോറിനായിരുന്നു ലൊവ്ലിനയുടെ വിജയം. ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ തായ്ലൻഡിന്റെ ഏഷ്യൻ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ബെയ്സണ്‍ മനീകോണെ ലൊവ്ലിന നേരിടും. സെമിയിൽ ജയിച്ചാലേ 26കാരിയായ ഇന്ത്യൻ താരത്തിന് ഒളിന്പിക് യോഗ്യത ഉറപ്പിക്കാനാകൂ. ഖസാക്കിസ്ഥാന്റെ ഷെയ്ന ഷെകർബെഖോവയെ ഇടിച്ചിട്ടാണ് പ്രീതി പവാർ മെഡലുറപ്പിച്ചത്.
Source link