ന്യൂഡൽഹി ∙ ദക്ഷിണേന്ത്യയിലെ സംസ്ഥാന സർക്കാരുകൾ ഹിന്ദുക്ഷേത്രങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നും അവ ഹിന്ദുക്കൾക്കു തിരിച്ചുനൽകുമോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വത്തുക്കളും മറ്റും നിയമത്തിനു കീഴിൽ കൊണ്ടുവന്നു കൈകാര്യം ചെയ്യാത്തതെന്തുകൊണ്ടാണെന്ന് കോൺഗ്രസും സഖ്യകക്ഷികളും വിശദീകരിക്കണമെന്നും തെലങ്കാനയിൽ ബിജെപി റാലിയിൽ പ്രസംഗിക്കവേ മോദി ആവശ്യപ്പെട്ടു.
നേരത്തേ ഛത്തീസ്ഗഡിൽ റാലിയിൽ പ്രസംഗിക്കവേ, കോൺഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും പ്രധാനമന്ത്രി ഉന്നയിച്ചു. ജാതി സെൻസസ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യം അതിനുദാഹരണമാണ്.
രാജ്യത്തെ വിഭവങ്ങളും ആനുകൂല്യങ്ങളും ജനസംഖ്യയ്ക്കനുസരിച്ചു കൊടുക്കണമെന്നാണു കോൺഗ്രസ് പറയുന്നതെന്ന് തെലങ്കാനയിലെ നിസാമാബാദിൽ മോദി പറഞ്ഞു. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചു തമിഴ്നാട്ടിൽ ഹിന്ദുക്ഷേത്രങ്ങൾ സർക്കാർ കയ്യടക്കിവച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തൊടുന്നില്ല. ജനസംഖ്യയ്ക്കനുസരിച്ച് ആനുകൂല്യങ്ങൾ നൽകുമെങ്കിൽ ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്ത്, ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കു വിട്ടുകൊടുക്കുമോയെന്നു മോദി ചോദിച്ചു.
ജനസംഖ്യാനുപാതികമായി വിഭവവിതരണം വേണമെന്ന നിലപാടിലൂടെ മുസ്‌ലിംകളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണോ കോൺഗ്രസ് ്രശമിക്കുന്നതെന്ന് ഛത്തീസ്ഗഡിൽ മോദി ചോദിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള വിഭവവിതരണം ന്യൂനപക്ഷാവകാശങ്ങൾ ഇല്ലാതാക്കും. ഒരു വിദേശരാജ്യവുമായി കോൺഗ്രസ് രഹസ്യധാരണയിലെത്തിയെന്നും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
എൻഡിഎയിൽ ചേരാൻ ബിആർഎസ് എത്തി; ഞാൻ തള്ളി: മോദി
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു ശേഷം ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖർ റാവു എൻഡിഎയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും താൻ അതു നിരസിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൈദരാബാദിൽ ബിആർഎസിനു ഭൂരിപക്ഷമുണ്ടായിരുന്നില്ല. ബിജെപിക്ക് 48 സീറ്റ് കിട്ടി. കെസിആർ വലിയ ഷാളുമായി ഡൽഹിക്കു വന്നു. എൻഡിഎയിൽ ചേർക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, കെസിആറിന്റെ മുൻകാല പ്രവൃത്തികൾ അറിയാവുന്നതിനാൽ അതിനു താൻ തയാറായില്ലെന്നു മോദി പറഞ്ഞു. പണ്ട് ഹൈദരാബാദിലെത്തുമ്പോൾ കെസിആർ വലിയ മാലകളുമായി സ്വീകരിക്കാനെത്തുമായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് അതില്ലാതായതെന്നും മോദി പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനുവേണ്ടി എത്ര തരംതാഴാമെന്നും മോദി തെളിയിച്ചെന്ന് ബിആർഎസ് പ്രതികരിച്ചു. മോദി പറഞ്ഞതു പച്ചക്കള്ളമാണെന്ന് പാർട്ടി വക്താവ് എം.കൃഷാങ്ക് പറഞ്ഞു.
English Summary : Modi Suggests Hindu Temples for Hindus
Source link