ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ അത്ലറ്റിക്സിലൂടെ രണ്ടു സ്വർണം. രണ്ടു സ്വർണവും വനിതാ വിഭാഗത്തിലൂടെയായിരുന്നു. വനിതകളുടെ 5,000 മീറ്ററിൽ പരുൾ ചൗധരിയും ജാവലിൻ ത്രോയിൽ അന്നു റാണിയും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കി. 15:14.75 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണു പരുൾ ചൗധരി സ്വർണത്തിൽ മുത്തമിട്ടത്. ജപ്പാന്റെ ഗ്വാങ്ഹോങ് ലിലിജിയ (15:15.34) വെള്ളിയും കസാക്കിസ്ഥാന്റെ കരോളിൻ ചെപ്കോ (15:23.12) വെങ്കലവും സ്വന്തമാക്കി. വനിതാ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുൾ ചൗധരി വെള്ളി നേടിയിരുന്നു. ഇതോടെ പരുൾ ഇരട്ട മെഡൽ നേട്ടത്തിനർഹയായി. 62.92 മീറ്റർ ജാവലിൻ പായിച്ച് ഇന്ത്യൻ അക്കൗണ്ടിലേക്ക് അന്നു റാണി സ്വർണം സമ്മാനിച്ചു. നാലാം ശ്രമത്തിലായിരുന്നു ഈ ദൂരം അന്നു റാണി കുറിച്ചത്. അത്ലറ്റിക്സിലൂടെ ഇന്ത്യൻ മെഡൽ ടേബിളിൽ എത്തിയ നാലാം സ്വർണമായിരുന്നു അന്നു റാണിയുടേത്. ശ്രീലങ്കയുടെ ഹതരബാഗെ ദിൽഹനാണ് (61.57) ഈയിനത്തിൽ വെള്ളി. മലയാള വെള്ളി മലയാളി താരം മുഹമ്മദ് അഫ്സൽ ഇന്നലെ വെള്ളിയണിഞ്ഞു. മിക്സഡ് 4×400 റിലേയിൽ മുഹമ്മദ് അജ്മലും വനിതാ ലോംഗ്ജംപിൽ ആൻസി സോജനും വെള്ളി നേടിയതിനു പിന്നാലെയാണു മറ്റൊരു മലയാളി താരമായ മുഹമ്മദ് അഫ്സലിന്റെ നേട്ടം.
പുരുഷ 800 മീറ്റർ ഓട്ടത്തിൽ 1:48.43 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നായിരുന്നു മുഹമ്മദ് അഫ്സലിന്റെ വെള്ളി നേട്ടം. സൗദി അറേബ്യയുടെ കസ്വാനി എസ്സ അലിക്കാണ് (1:48.05) സ്വർണം. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യൻ സൂപ്പർ താരം തേജസ്വിൻ ശങ്കർ വെള്ളിയണിഞ്ഞു. 7666 പോയിന്റാണു തേജസ്വിൻ ശങ്കർ നേടിയത്. 7816 പോയിന്റുമായി ചൈനയുടെ സണ്‍ ഖ്വിഹാവോ സ്വർണത്തിലെത്തി. ഇരട്ട വെങ്കലം പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ഇന്ത്യക്കായി പ്രവീണ്‍ ചിത്രവേൽ, വനിതാ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് എന്നിവർ വെങ്കലം നേടി. 16.68 മീറ്ററാണു പ്രവീണ്‍ ചിത്രവേൽ ക്ലിയർ ചെയ്തത്. കോമണ്‍വെൽത്ത് ഗെയിംസ് മെഡലിസ്റ്റായ അബ്ദുള്ള അബൂബക്കർ (16.62) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 55.68 സെക്കൻഡിലായിരുന്നു വനിതാ 400 മീറ്റർ ഹർഡിൽസിൽ വിദ്യ മെഡലിലേക്ക് ഓടിച്ചാടിയെത്തിയത്. 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമാണു വിദ്യ.
Source link