ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ഇന്നു മുതൽ

ഹാങ്ഝൗ: ഓണ്‍ യുവർ മാർക്ക്… സെറ്റ്… ഠോ എന്ന വെടിമുഴക്കത്തോടെ ട്രാക്കിൽ ഇന്നു മുതൽ കുതിപ്പിന്റെ ദിനങ്ങൾ. 19-ാം ഏഷ്യൻ ഗെയിംസിന്റെ ഗ്ലാമർ പോരാട്ടമായ അത്ലറ്റിക്സിന് ഇന്നു തുടക്കം. ഹാങ്ഝൗവിലെ ഒളിന്പിക് സ്പോർട്സ് എക്സ്പോ സെന്ററിൽ ഒക്ടോബർ അഞ്ചു വരെയാണു ട്രാക്കിലും ഫീൽഡിലും തീപ്പൊരി പോരാട്ടങ്ങൾ അരങ്ങേറുക. 2018 ജക്കാർക്ക ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എട്ട് സ്വർണവും ഒന്‍പതു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 20 മെഡൽ അത്ലറ്റിക്സിൽനിന്നു സ്വന്തമാക്കിയിരുന്നു. ഇത്തവണ അതിലും മെച്ചപ്പെട്ട പ്രകടനം ലക്ഷ്യംവച്ചാണ് ഇന്ത്യൻ താരങ്ങൾ ട്രാക്കിലും ഫീൽഡിലും വിയർപ്പൊഴുക്കുക. മലയാളി താരങ്ങളായ മുരളി ശ്രീശങ്കർ, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവർ ഇന്നു കളത്തിലിറങ്ങും. യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്കാണ് ഇവർ കളത്തിലെത്തുന്നത്. പുരുഷ വിഭാഗത്തിൽ 35ഉം വനിതാ വിഭാഗത്തിൽ 33ഉം ഉൾപ്പെടെ 68 അംഗ സംഘമാണ് അത്ലറ്റിക്സിൽ ഇന്ത്യക്കുള്ളത്. പ്രതീക്ഷ ഇവരിൽ ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്ന ചില താരങ്ങളാണു ജാവലിൻത്രോയിൽ ഒളിന്പിക് ചാന്പ്യനായ നീരജ് ചോപ്ര, സ്റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്ലെ, ട്രിപ്പിൾ ജംപർമാരായ പ്രവീണ്‍ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ, ലോംഗ്ജംപ് താരങ്ങളായ മുരളി ശ്രീശങ്കർ, ജെസ്വിൻ ആൾഡ്രിൻ, പുരുഷ ഷോട്ട് പുട്ടിൽ തേജീന്ദർപാൽ സിംഗ് തോർ, 1500 മീറ്ററിൽ ജിൻസണ് ജോണ്സണ് തുടങ്ങിയവരാണു പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകൾ. 4×400 മീറ്റർ റിലേയിൽ ലോക ചാന്പ്യൻഷിപ്പിൽ ഏഷ്യൻ റിക്കാർഡ് കുറിച്ച ടീമും ഇന്ത്യയുടെ സ്വർണ പ്രതീക്ഷയാണ്.
വനിതാ വിഭാഗത്തിൽ അഞ്ജു ബോബി ജോർജിന്റെ ശിഷ്യ ലോംഗ്ജംപർ ഷൈലി സിംഗ്, 110 മീറ്റർ ഹർഡിൽ താരം ജ്യോതി യാർരാജി, സ്റ്റീപ്പിൾ ചേസ് താരം പരുൾ ചൗധരി, വനിതാ 4×400 മീറ്റർ റിലേ ടീം എന്നിങ്ങനെ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. 2018ൽ ജിൻസണ് ജോണ്സണ്, തെജീന്ദർപാൽ സിംഗ് തോർ, നീരജ് ചോപ്ര, അർപിന്ദർ സിംഗ്, ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ, 4×400 വനിതാ റിലേ, 4×400 മിക്സഡ് റിലേ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. കളത്തിൽ ഇന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30നു പുരുഷ-വനിതാ 20 കിലോമീറ്റർ റെയ്സ് വാക്കിംഗോടെയാണ് അത്ലറ്റിക്സ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. വനിതാ വിഭാഗത്തിൽ പ്രിയങ്കാ ഗോസ്വാമിയും പുരുഷ വിഭാഗത്തിൽ സന്ദീപ് കുമാർ, അക്ഷദീപ് സിംഗ് എന്നിവരും മത്സരിക്കും. മുരളി ശ്രീശങ്കർ, ജെസ്വിൻ ആൾഡ്രിൻ എന്നിവർ മത്സരിക്കുന്ന പുരുഷ ലോംഗ്ജംപ് മത്സരം ഉച്ചകഴിഞ്ഞ് 3.30 മുതൽ ഏഴു വരെയാണ്. യോഗ്യതാ റൗണ്ടാണിത്. ഒക്ടോബർ ഒന്നിനാണു ഫൈനൽ. ഇതേ സമയത്ത് വനിതാ ഹാമർത്രോയിൽ തന്യ ചൗധരി, രചന കുമാരി എന്നിവർ ഫീൽഡിലെത്തും. പുരുഷ 400 മീറ്റർ ആദ്യ റൗണ്ട് പോരാട്ടത്തിനായി മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവരും വനിതാ 400 മീറ്റർ ആദ്യ റൗണ്ടിനായി ഐശ്വര്യ കൈലാഷ് മിശ്ര, ഹിമാൻഷി മാലിക് എന്നിവരും ട്രാക്കിലുണ്ട്. വനിതാ ഷോട്ട്പുട്ടിൽ കിരണ്‍ ബലിയാൻ, മൻപ്രീത് കൗർ എന്നിവരും ഇന്ന് കളത്തിലുണ്ട്.
Source link