ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യൻ ആഹ്ലാദത്തിന്റെ മെഡൽ മുഴക്കം. വനിതാ 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസിൽ ഇന്ത്യയുടെ കൗമാര താരം പലക്ക് ഗുലിയ സ്വർണം കരസ്ഥമാക്കി. പതിനേഴുകാരിയായ പലക്ക് ഏഷ്യൻ ഗെയിംസ് റിക്കാർഡോടെയാണ് സ്വർണം വെടിവച്ചിട്ടത്. 17 വയസുമാത്രം പ്രായമുള്ള പലക്ക് ശക്തരായ എതിരാളികളെ അനായാസമാണു നേരിട്ടത്. ഒരു ഘട്ടത്തിൽപ്പോലും പലക്ക് പിന്നിൽ പോയതുമില്ല. 2023 ബാക്കു ലോക ചാന്പ്യൻഷിപ് സ്വർണ ജേതാവായ ഇന്ത്യയുടെ സൂപ്പർതാരവും പതിനെട്ടുകാരിയുമായ ഇഷ സിംഗ് പോലും പലക്കിന്റെ തേരോട്ടത്തിൽ വീണു. 242.1 പോയിന്റുമായി പലക്ക് ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയപ്പോൾ 239.7 പോയിന്റുമായി ഇഷ സിംഗ് വെള്ളിയണിഞ്ഞു. 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ ഒരു ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത് ആദ്യമാണ്. കഴിഞ്ഞ വർഷം മാത്രമാണ് രാജ്യാന്തര ഷൂട്ടിംഗ് റേഞ്ചിലേക്ക് പലക്ക് ഗുലിയ എത്തിയത്. അതിനു മുന്പ് കായിക താത്പര്യങ്ങളുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് റേഞ്ചിലേക്ക് ഈ കൗമാര താരം എത്തിയിരുന്നില്ല. രാജ്യാന്തര തലത്തിൽ പലക്കിന്റെ കന്നി മെഡലാണ്. ആദ്യ മെഡൽ തന്നെ ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ നേടാൻ പലക്കിനു സാധിച്ചു.
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത് വ്യക്തിഗത സ്വർണമാണ് പലക്കിലൂടെ എത്തിയത്. വനിതാ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സിഫ്റ്റ് കൗർ സംറയായിരുന്നു ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗ സ്വർണ ജേതാവ്. ഇന്ത്യ-പാക് പോരാട്ടത്തിനും ഹാങ്ഝൗവിലെ ഷൂട്ടിംഗ് റേഞ്ച് വേദിയായി. പലക്കിനും ഇഷ സിംഗിനും പിന്നിൽ വെങ്കലം നേടിയത് പാക്കിസ്ഥാന്റെ തലത് കിഷമലയയായിരുന്നു. വനിതാ 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി നേടിയ ടീമിൽ അംഗങ്ങളാണ് പലക്ക് ഗുലിയയും ഇഷ സിംഗും. ടി.എസ്. ദിവ്യയായിരുന്നു 10 മീറ്റർ എയർ പിസ്റ്റളിൽ പലക്കിനും ഇഷയ്ക്കും ഒപ്പമുണ്ടായിരുന്നത്.
Source link