ഷൂട്ട് & ഷോട്ട്
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു. ആറാം ദിനമായ ഇന്നലെ രണ്ടു സ്വർണവും നാലു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ ഏഴു മെഡലുകൾ ഇന്ത്യ നേടി. അഞ്ചു മെഡലുകൾ ഷൂട്ടിംഗ് വിഭാഗത്തിലും ഒരെണ്ണം അത്ലറ്റിക്സിലുമാണ്. 33 മെഡലുകൾ (എട്ടു സ്വർണം, 12 വെള്ളി, 13 വെങ്കലം) നേടിയ ഇന്ത്യ നാലാം സ്ഥാനത്താണ്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പലക്ക് ഗുലിയയും, പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീമിനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, സ്വപ്നിൽ കുശാലെ, അഖിൽ ഷെറാൻ സഖ്യവുമാണ് സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇഷ സിംഗും 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും വെള്ളി നേടി. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിലും വെള്ളിമെഡലുണ്ട്.
ടെന്നീസ് പുരുഷ ഡബിൾസിലും ഇന്ത്യ വെള്ളിയിലൊതുങ്ങി. രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം ഫൈനലിൽ തോൽവി വഴങ്ങി. സ്ക്വാഷ് വനിതാ ടീമിനത്തിൽ സെമിഫൈനലിൽ ഹോങ്കോംഗിനോടു പരാജയപ്പെട്ട ഇന്ത്യ വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടു. വനിതാ ഷോട്ട്പുട്ടിൽ കിരണ്‍ ബലിയാൻ നേടിയ വെങ്കലം ഹാങ്ഝൗവിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യമെഡലായി. ടെന്നീസ് മിക്സഡ് ഡബിൾസ് ഫൈനലിൽ കടന്ന രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യവും പുരുഷ സ്ക്വാഷ് ടീമും പുരുഷ ബാഡ്മിന്റണ്‍ ടീമും ബോക്സിംഗിൽ നിഖാത് സരീനും മെഡൽ ഉറപ്പിച്ചിട്ടുണ്ട്.
Source link