INDIAKERALAMLATEST NEWS

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗം നാളെ മുതൽ

ന്യൂഡൽഹി ∙ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിപ്പട്ടിക തീരുമാനിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം നാളെയും ഞായറാഴ്ചയും ചേർന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരടക്കം പങ്കെടുക്കും.

ഈ യോഗത്തിനു ശേഷം രാജസ്ഥാനിലെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാനിടയുണ്ടെന്നറിയുന്നു.  രാജസ്ഥാനിൽ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ, കൈലാഷ് ചൗധരി, സി.പി.ജോഷി എംപി എന്നിവർ സ്ഥാനാർഥികളായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 

5 സംസ്ഥാനങ്ങളിലേക്ക് ഒക്ടോബർ ആദ്യവാരത്തിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപി കഴിഞ്ഞ തവണ തോറ്റ സീറ്റുകളിലേക്കാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷമാണ് സാധാരണ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാറുള്ളതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ പ്രസി‍ഡന്റ് ജെ.പി. നഡ്ഡയും ജയ്പുരിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കൂട്ടായ നേതൃത്വത്തിൽ മത്സരിച്ചു ജയിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തോട് അവർ യോജിച്ചതായി ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. കേന്ദ്രനേതാക്കളെ മത്സരിപ്പിക്കുന്നതിനോടു വസുന്ധര വിയോജിച്ചതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വസുന്ധരയെ പിണക്കാതെ മുന്നോട്ടു പോകണമെന്ന് അമിത് ഷാ രാജസ്ഥാൻ നേതാക്കൾക്കു നിർദേശം നൽകിയിരുന്നു. 

English Summary: BJP Central Election Committee Meeting from Tomorrow Onwards


Source link

Related Articles

Back to top button