ആക്ടിവിസ്റ്റിന്റെ മുഷിപ്പൻ പ്രസംഗങ്ങളില്ല, എപ്പോഴും പണിയെടുക്കുന്നയാൾ; കർഷകരുടെ ശാസ്ത്രജ്ഞൻ
98–ാം വയസ്സിലാണെങ്കിലും ഡോ. എം.എസ്.സ്വാമിനാഥന്റേത് അകാല വിയോഗം എന്നു തന്നെ പറയണം. അദ്ദേഹം എക്കാലവും പ്രവർത്തനനിരതനായിരുന്നു. കാണാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമുള്ളവർക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ആഗ്രഹവും ആവശ്യവും തന്നെയാണ് അദ്ദേഹത്തിന്റെ തലച്ചോറിനെ ആഴത്തിൽ ചിന്തിപ്പിച്ചത്. അദ്ദേഹത്തിന്റെ നേട്ടങ്ങളെല്ലാം അതിഗംഭീരങ്ങളും അന്തമില്ലാത്തവയും ആയിരുന്നു.
1967 ൽ പത്മശ്രീ, 1972 ൽ പത്മഭൂഷൺ, 1989 ൽ പത്മവിഭൂഷൺ… ഭാരത രത്നയും ലഭിച്ച് 100 വയസ്സും കടന്നു ജീവിക്കുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. രണ്ടും സംഭവിക്കുന്നതിനു മുൻപ് അദ്ദേഹം യാത്രയായത് ഏറെ സങ്കടകരമാണ്.
ആക്ടിവിസ്റ്റിന്റെ മുഷിപ്പൻ പ്രസംഗങ്ങളില്ലാതെ എപ്പോഴും പണിയെടുക്കുന്ന ശാസ്ത്രജ്ഞനായി അദ്ദേഹം ജീവിച്ചു. എന്നിട്ടും 1971 ൽ മാഗ്സസെ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1987 ൽ ലഭിച്ച വേൾഡ് ഫുഡ് പ്രൈസ് ഭക്ഷ്യസുരക്ഷാ രംഗത്തെ അദ്ഭുതകരമായ നേട്ടങ്ങൾക്കുള്ള ഉചിതമായ അംഗീകാരമായിരുന്നു. സസ്യോൽപത്തി ശാസ്ത്രജ്ഞനായതു കൊണ്ടു തന്നെ ഗോതമ്പിന്റെയും നെല്ലിന്റെയും അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. എല്ലാം കൊണ്ടും ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ പിതാവ് തന്നെയായി അദ്ദേഹം. 1972 മുതൽ 1980 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ച് എന്ന ഭീമാകാര സ്ഥാപനത്തെ നയിച്ച് ഇന്ത്യൻ ശാസ്ത്രരംഗത്തെ ഉന്നതഉദ്യോഗസ്ഥനായതു കൂടാതെ 1982 മുതൽ 1988 വരെ ഇന്റർനാഷനൽ റൈസ് റിസർച്ച് ഡയറക്ടർ ജനറലായി ആഗോളതലത്തിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു.
2016 ൽ നടന്ന അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകപ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു. പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പർവതങ്ങൾക്കു മുന്നിൽ ഡോ. സ്വാമിനാഥൻ വിനയാന്വിതനായി തുടർന്നതിനെക്കുറിച്ച് പ്രധാനമന്ത്രി അന്നു വളരെ പ്രശംസിച്ചു സംസാരിച്ചിരുന്നു.
ഇതിനിടെയാണ് 2007 മുതൽ 2013 വരെ അംഗമായി രാജ്യസഭയെ അക്ഷരാർഥത്തിൽ ധന്യമാക്കിയത്. എന്നിരിക്കിലും നാഷനൽ ഫാർമേഴ്സ് കമ്മിഷൻ ചെയർമാൻ പദവി തന്നെയാണ് ഏറ്റവും തിളക്കമേറിയത്. കൃഷിച്ചെലവും അതിനോട് 50% കൂട്ടി താങ്ങുവിലയും എന്ന നിർദേശം ആദ്യമായി അവതരിപ്പിച്ചത് 10 വാല്യങ്ങളിലുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടിലായിരുന്നു. അതോടെ ഈ ആവശ്യം കാർഷിക ആക്ടിവിസ്റ്റുകളുടെ യുദ്ധകാഹളമായി മാറി.
ഭക്ഷ്യ, കാർഷിക, ഗ്രാമവികസന മന്ത്രാലയങ്ങളിൽ വിവിധ ഉന്നത പദവികളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥനെന്ന നിലയിൽ പറയട്ടെ: ഗ്രാമീണ സാഹചര്യങ്ങൾക്കിണങ്ങിയ വിധം ഇതിലേറെ അറിവും വിജയവും കൈവരിച്ചതായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. വിനയത്തിന്റെ കാര്യത്തിലും അദ്ദേഹം ഉദാത്ത മാതൃക തന്നെയായിരുന്നു.
(മുൻ അഗ്രികൾചർ സെക്രട്ടറിയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമാണു ലേഖകൻ.)
English Summary : Aloke Sinha says about MS Swaminathan
Source link