ന്യൂഡൽഹി ∙ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ ഗവർണർമാർ വച്ചുതാമസിപ്പിക്കുന്നതു ശരിയല്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയത്. ഗവർണർ ബില്ലുകളിൻമേൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഭരണഘടനാ വകുപ്പിൽ (200) പറയുന്ന ‘കഴിവതും വേഗം’ എന്ന പ്രയോഗത്തിന്റെ പ്രാധാന്യം ഭരണഘടനാപരമായ പദവിയിലുള്ളവർ ഓർക്കണമെന്നും അന്നു കോടതി വ്യക്തമാക്കി.
ഗവർണർ ബില്ലുകളിലുള്ള തീരുമാനം വൈകിക്കുന്നതു ചോദ്യം ചെയ്തു തെലങ്കാന സർക്കാർ നൽകിയ ഹർജിയാണ് ഏപ്രിലിൽ കോടതി തീർപ്പാക്കിയത്. ഹർജി കോടതിയിൽ വന്നതിനു ശേഷം തെലങ്കാന ഗവർണറുടെ ഭാഗത്തുനിന്നു നടപടിയുണ്ടായി. അതു പരിഗണിച്ച്, കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ ഹർജി തീർപ്പാക്കി. എങ്കിലും ഉത്തരവിൽ ഗവർണർമാരുടെ ഭരണഘടനാപരമായ ബാധ്യത കോടതി ഓർമിപ്പിച്ചു. ഉചിതമായ കേസിൽ തീരുമാനം പറയാമെന്നും അന്നു കോടതി വ്യക്തമാക്കി.
നിയമസഭ പാസാക്കുന്ന ബിൽ ഗവർണർക്കു ലഭിച്ചാൽ ചെയ്യാവുന്നത്: അംഗീകാരം നൽകുക, അംഗീകാരം നൽകാതെ പിടിച്ചുവയ്ക്കുക, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വയ്ക്കുക. പണബിൽ അല്ലാത്തവ നിയമസഭ വീണ്ടും പരിഗണിക്കുകയെന്ന സന്ദേശത്തോടെ മടക്കി അയയ്ക്കാനും വ്യവസ്ഥയുണ്ട്. മടക്കി അയയ്ക്കുന്ന ബിൽ നിയമസഭ വീണ്ടും ഭേദഗതിയോടെയോ അല്ലാതെയോ പാസാക്കിയാൽ അംഗീകാരം നൽകാൻ ഗവർണർക്കു ബാധ്യതയുണ്ട്. പണബിൽ അല്ലാത്തവ മടക്കി അയയ്ക്കുന്നതു സംബന്ധിച്ച വ്യവസ്ഥയിലാണ് ‘കഴിവതും വേഗം’ എന്ന പ്രയോഗമുള്ളത്. എന്നാൽ, ഈ പ്രയോഗം ബിൽ സംബന്ധിച്ചു ഗവർണർ സ്വീകരിക്കുന്ന മറ്റു തീരുമാനങ്ങൾക്കും ബാധകമെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിന്റെ സൂചനയാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട സഭ പാസാക്കിയ ബിൽ വൈകിപ്പിച്ച് അതിന്റെ നടപ്പാക്കലിനു ഗവർണർ തടസ്സം നിൽക്കുന്ന സാഹചര്യം ഉദ്ദേശിച്ചിട്ടില്ലെന്നാണു ഭരണഘടനാ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ബില്ലുകളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്ഥ ഗവർണർക്കു വിവേചനാധികാരം പ്രയോഗിക്കാവുന്ന കാര്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നില്ല.
ബില്ലിൻമേൽ എത്ര സമയത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. നിയമസഭ പിരിച്ചുവിട്ടുകഴിഞ്ഞാലും ബിൽ ലാപാസ്കുന്നില്ല എന്നതിലാണു സമയപരിധി പറയാതിരുന്നതെന്നാണു കേരള കാർഷികബന്ധ ബിൽ സംബന്ധിച്ച കേസിൽ 1961ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. സമയപരിധി പറയാത്ത സാഹചര്യങ്ങളിൽ, ന്യായമായ സമയത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്.
ബില്ലിലെ വ്യവസ്ഥകൾ തീർത്തും ഭരണഘടനാ വിരുദ്ധം, നിയമസഭയ്ക്ക് അധികാരമില്ലാത്ത വിഷയത്തിലുള്ള ബിൽ തുടങ്ങിയ സാഹചര്യങ്ങളിലൊഴികെ മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കേണ്ടതുണ്ടെന്നാണു സർക്കാരിയ കമ്മിഷൻ വ്യക്തമാക്കിയത്.
English Summary: Governors Delaying Bills
Source link