Site icon onlinekeralanews.com

വിസ്മയമായി പുതിയപാലം, ഇവിടേക്ക് സഞ്ചാരികൾ ഇനി ഒഴുകിയെത്തും


തൃപ്പൂണിത്തുറ: പെരുമ്പളം ദ്വീപിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പെരുമ്പളം ദ്വീപിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഏകദേശം 108 കോടി രൂപ ചെലവിൽ കായലിന് കുറുകെ നിർമ്മിച്ച ഈ പാലം സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ്.1157 മീറ്റർ നീളവും നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ മധ്യഭാഗത്തെ 12 മീറ്റർ വീതിയുള്ള ബോസ്ട്രിംഗ് ആർച്ചുകൾ സവിശേഷതയാണ്. മഴവിൽ നിറങ്ങൾ പകർന്ന ഈ ആർച്ചുകൾ കാരണം നാട്ടുകാർ ഇതിന് “മഴവിൽ പാലം” എന്ന് പേരിട്ടുകഴിഞ്ഞു. പാലത്തിന്റെ പടിഞ്ഞാറേക്കര അരൂക്കുറ്റി വടുതല ജെട്ടി ഭാഗത്തും കിഴക്കേക്കര പെരുമ്പളം ദ്വീപിലുമാണ്. ഇരുവശങ്ങളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലും അപ്രോച്ച് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. അപ്രോച്ച്, സർവീസ് റോഡുകളുടെ ടാറിംഗ് പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പാലത്തിന്റെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു. ചേർത്തല – അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം – പൂത്തോട്ട – തൃപ്പൂണിത്തുറ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമാണിത്. 14 വാർഡുകളുള്ള ദ്വീപിന്റെ ഗതാഗത, ടൂറിസം മേഖലകളിൽ പാലം വലിയ മാറ്റങ്ങൾ വരുത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.


Source link

Exit mobile version