Site icon onlinekeralanews.com

സുഖോയ് 30 വിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു  ഒരാൾ ഒാപ്പറേഷൻ സിന്ദൂർ പോരാളി


ന്യൂഡൽഹി: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം അസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. വ്യാഴാഴ്‌ച രാത്രിയുണ്ടായ ദുരന്തത്തിൽ ഹരിയാന ഗുഡ്‌ഗാവ് സ്വദേശി സ്ക്വാഡ്രൺ ലീഡർ അനുജ് (33), ഒാപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നാഗ്‌പൂർ സ്വദേശി ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാക്കർ (28) എന്നിവരുടെ മരണം ഇന്നലെ രാവിലെയാണ് വ്യോമസേന സ്ഥിരീകരിച്ചത്.അസാമിലെ ജോർഹട്ട് വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം വ്യാഴാഴ്‌ച രാത്രി 7.42ന് നഷ്‌ടമായിരുന്നു. ജോർഹട്ടിൽ നിന്ന് 60കിലോമീറ്റർ അകലെ കുന്നിൻ പ്രദേശത്താണ് വിമാനം തകർന്നു വീണത്. വലിയ സ്‌ഫോടനം കേട്ടതായി നാട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് വ്യോമസേന അന്വേഷിക്കുന്നുണ്ട്.പുർവേഷ് ദുരാക്കർ കഴിഞ്ഞ മേയിൽ നടന്ന ഒാപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്തിരുന്നു. ബുധനാഴ്‌ച മകൻ വിളിച്ചിരുന്നതായി പിതാവ് രവീന്ദ്ര ദുരാക്കർ പറഞ്ഞു. പത്തുദിവസം മുൻപ് നാഗ്‌പൂരിലെത്തി മാതാപിതാക്കളെ കണ്ട് മടങ്ങിയതാണ്. എൻജിനിയറിംഗ് ബിരുദധാരിയായ പുർവേഷ് നാലുവർഷം മുൻപാണ് വ്യോമസേനയിൽ ചേർന്നത്. അനുജ് ഏഴുമാസം മുൻപാണ് അസാം വ്യോമത്താവളത്തിൽ നിയമിതനായത്. ഹോളി ദിനത്തിൽ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ബിടെക് ബിരുദധാരിയാണ്.


Source link

Exit mobile version