രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ….
ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ, ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷനും (IFBDO) ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷനും (ISBT). സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും രക്തദാതാക്കളോട് അവർ സ്വമേധയാ നൽകുന്ന രക്തദാനം വഴി ലഭിക്കുന്ന രക്ഷിക്കപ്പെടുന്ന ജീവന് നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ്.
2023-ലെ ലോക രക്തദാതാക്കളുടെ ദിനത്തിന്റെ തീം ‘രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ പങ്കിടുക, പലപ്പോഴും പങ്കിടുക’ ( Give blood, give plasma, share life, share often) എന്നതാണ്.
രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യകതിയെന്ന നിലയിൽ എനിക്ക് ഇതുവരെ 62 തവണ രക്തം ദാനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു പ്രശ്‌നങ്ങളും എനിക്ക് നേരിടേണ്ടതായി വന്നിട്ടില്ല. 100 തവണ വരെ രക്തം ദാനം ചെയ്തവരും എന്നാൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നവരുമായ ആളുകളെ എനിക്കടുത്തറിയാം. അവർ അതിൽ അതീവ സന്തുഷ്‌രാണെന്നു എടുത്തുപറയേണ്ടിയിരിക്കുന്നു.
രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും താഴെപ്പറയുന്നവയാണ്.
1.രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്?
∙ അപകടാനന്തര രോഗികൾ
∙ കാൻസർ രോഗികൾ
∙ ബ്ലഡ് ഡിസോർഡർ രോഗികൾ
∙ ശസ്ത്രക്രിയ രോഗികൾ
∙ പ്രീ ടേം കുഞ്ഞുങ്ങൾ എന്നിവരാണ്.
2. ആർക്കാണ് രക്തം ദാനം ചെയ്യാൻ കഴിയുക?
∙ നല്ല ആരോഗ്യമുള്ള വ്യക്തികൾ
∙ പ്രായം: 18 – 60 വയസ്സിന് ഇടയിലുള്ളവർ
∙ ശരീരഭാരം: 50 കിലോയിൽ കൂടുതലുള്ളവർ
∙ ഹീമോഗ്ലോബിൻ ലെവൽ:
പുരുഷന്മാർക്ക് 12 ഗ്രാം
സ്ത്രീകൾക്ക് 12.5 ഗ്രാം
3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?
∙ അസാധാരണമായ രക്തസ്രാവം
∙ ഹൃദയം, വൃക്ക, കരൾ തകരാറ്
∙ തൈറോയ്ഡ് ഡിസോർഡർ
∙ അപസ്മാരം
∙ മാനസിക വൈകല്യങ്ങൾ
∙ ക്ഷയം, കുഷ്ഠം, ആസ്മ, കാൻസർ
∙ ഇൻസുലിൻ ആശ്രിത പ്രമേഹം (Type 1 Diabetes Mellites)
∙ അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം
ഒരു വർഷത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
∙ ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ്, നായ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ.
6 മാസത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
∙ പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവർ.
4.സ്ത്രീ ദാതാക്കൾക്ക് രക്തം ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ:
∙ ഗർഭകാലത്ത്
∙ പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്.
∙ മുലയൂട്ടുന്ന സമയത്ത്
∙ ആർത്തവ സമയത്ത് സുഖമില്ലെങ്കിൽ
5. രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള നി൪ദ്ദേശങ്ങൾ
∙ രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം / ഉറക്കം അനിവാര്യമാണ്.
∙ രക്തദാനത്തിന് മുമ്പ് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
∙ മാനസികമായി തയ്യാറാകുക.
∙ രക്തം ദാനം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക.
6.രക്തദാനത്തിനുശേഷം പാലിക്കേണ്ട നി൪ദ്ദേശങ്ങൾ:
∙ അടുത്ത 24 മണിക്കൂർ ധാരാളം വെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക.
∙ കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക.
∙ ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക.
∙ രക്തദാനത്തിന് ശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്.
∙ വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.
∙ തലകറക്കം തോന്നുന്നുവെങ്കിൽ, കിടന്ന് കാലുകൾ ഉയർത്തി വയ്ക്കുക. 5-10 മിനിറ്റിനുള്ളിൽ ശരിയാകും.
∙ 4 മണിക്കൂറിന് ശേഷം ബാൻഡ് എയ്ഡ് നീക്കംചെയ്യുക.
പതിവ് രക്തദാനത്തിലൂടെ ആരോഗ്യ നേട്ടം എപ്രകാരം (വർഷത്തിൽ 2-4 തവണ)
∙ കൊളസ്ട്രോൾ, ലിപിഡ് അളവ് കുറയ്ക്കുന്നു.
∙ ഹൃദയാഘാത സാധ്യത കുറയുന്നു.
∙ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയുന്നു.
∙ ചില അർബുദങ്ങളിൽ നിന്നുള്ള സംരക്ഷണം.
∙ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വിലയേറിയ ജീവൻ രക്ഷിച്ചതിന്റെ സംതൃപ്തി കൂടാതെ, ഒരു രക്ത ദാതാവിന് തങ്ങൾക്കും പങ്കാളിക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും അവരുടെ സുഹൃത്തുക്കൾക്കും ആവശ്യമെങ്കിൽ ഒരു കുപ്പി രക്തം സ്വീകരിക്കുന്നതിന് അർഹതയുണ്ട് അതും സൗജന്യമായിതന്നെ.
രക്തദാനം ഒരു ശീലമാക്കുക. ഓരോ 3 മാസത്തിലും ഒരു ആരോഗ്യവാനായ വ്യക്തിക്ക് രക്തം ദാനം ചെയ്യാൻ കഴിയും (സ്ത്രീകൾക്ക്- ഓരോ 4 മാസത്തിലും)
രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.
രക്തദാനത്തിന് കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കുന്നുള്ളു, എന്നാൽ അത് സ്വീകരിക്കുന്നയാൾക്കു ഒരു ജീവിതകാലം മുഴുവൻ സമ്മാനമായി ലഭിക്കുന്നു. നിങ്ങളുടെ രക്തദാനം പല മുഖങ്ങളിലും പുഞ്ചിരിക്ക് കാരണമാകും. ഓർക്കുക രക്തദാനം അമൂല്യമായ ഒന്നാണ്. നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്.
Content Summary: World Blood Donor Day
Source link