Site icon onlinekeralanews.com

നേപ്പാളിന്റെ ഭരണം ജെൻ സികളുടെ കൈകളിലേക്കോ? മുൻ റാപ്പർ ബാലേന്ദ്ര ഷായുടെ പാർട്ടിക്ക് വൻ ലീഡ്


കാഠ്‌മണ്ഡു: ജെൻ സി പ്രക്ഷോഭത്തിലൂടെ കെപി ശർമ്മ ഒലി സർക്കാരിനെ താഴെയിറക്കിയ നേപ്പാളിൽ തിരഞ്ഞെടുപ്പിലും പുതുതലമുറ മുന്നേറ്റം. മുൻ റാപ്പറും കാഠ്‌മണ്ഡുവിലെ മുൻ മേയറുമായിരുന്ന ബാലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി 30ലധികം സീറ്റുകളിൽ ജയിച്ചു. ബാലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രി ശർമ്മ ഒലിക്കെതിരെ മത്സരിക്കുന്ന ഝാപ്പ-5 നിയമസഭാ മണ്ഡലത്തിൽ അദ്ദേഹം ഒലിയെക്കാൾ 4000ലധികം വോട്ടുകൾക്ക് മുന്നിലാണ്. 5000ലധികം വോട്ടുകൾ ബാലേന്ദ്ര ഷാ നേടിയപ്പോൾ ശർമ്മ ഒലിക്ക് 1000 വോട്ടുകളെ നേടാനായുള്ളൂ.ജെൻ സി പ്രക്ഷോഭത്തിലും ശേഷവും നിരവധി യുവാക്കൾ പ്രതീക്ഷയോടെ കാണുന്നയാളാണ് 35കാരനായ ബാലേന്ദ്ര ഷാ. പ്രക്ഷോഭശേഷം രൂപീകരിച്ച സുശീല കർക്കി സർക്കാരിനും ഷായുടെ സഹായം ലഭിച്ചിരുന്നു. ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്), ഗഗൻ ധാപ്പയുടെ നേപ്പാളി കോൺഗ്രസ് എന്നീ പാർട്ടികൾ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നിൽ. മൂന്നുവട്ടം പ്രധാനമന്ത്രിയായ പുഷ്‌പ കമൽ ദഹൽ എന്ന പ്രചണ്ഡ രുകും ഇസ്‌റ്റിൽ ലീഡ് ചെയ്യുന്നു. രാജ്യത്തെ 1.9 കോടി വോട്ടർമാരിൽ 60 ശതമാനമാണ് കഴിഞ്ഞ ദിവസം സമ്മതിദാനാവകാശം നിർവഹിച്ചത്. 65 പാർട്ടികളിലെ 3400 സ്ഥാനാർ‌ത്ഥികൾ മത്സരരംഗത്തുണ്ട്.നേപ്പാളിൽ സമാധാനവും പുരോഗതിയും സ്ഥിരതയുമുണ്ടാകാൻ ഇന്ത്യ എന്നും സഹായിച്ചിട്ടുണ്ടെന്നും വോട്ടിംഗ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനാവശ്യമായ സാധനസാമഗ്രികളും ഇന്ത്യ, നേപ്പാളിന് വിതരണം ചെയ്‌തിരുന്നു. ‘ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നേട്ടത്തിനായി ബഹുമുഖമായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നേപ്പാളിലെ പുതിയ സർ‌ക്കാരുമായി ചേർന്ന് പ്രവർ‌ത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.


Source link

Exit mobile version