ലിവർപൂൾ: ലിവർപൂൾ ചുവന്നുതുടുത്തു… ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിൽ ഇതുവരെ നേരിട്ട ഏഴു തോൽവികൾ മറക്കുന്ന ഒരു മാസ്മരിക ജയം അവർ സ്വന്തമാക്കി. അതും ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ. ഒന്നും രണ്ടും ഗോളിനല്ല, മറുപടിയില്ലാത്ത ഏഴു ഗോളിന്… റെഡ്സ് എന്നറിയപ്പെടുന്ന ലിവർപൂൾ റെഡ് ഡെവിൾസ് എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹൃദയം പിളർന്ന ചരിത്ര നിമിഷമായിരുന്നു അത്. കോഡി ഗാക്പൊ (43’, 50’), ഡാർവിൻ നൂനെസ് (47’, 75’), മുഹമ്മദ് സല (66’, 83’) എന്നിവർ ലിവർപൂളിനായി ഇരട്ട ഗോൾ സ്വന്തമാക്കി. അവസാന ഗോൾ റോബർട്ടോ ഫിർമിനൊയുടെ (88’) വകയായിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ക്ലബ് വഴങ്ങുന്ന ഏറ്റവും വലിയ തോൽവി എന്ന നാണക്കേടിലും യുണൈറ്റഡെത്തി. 7-0 ലിവർപൂൾ 7-0ന് യുണൈറ്റഡിനെ തകർത്തപ്പോൾ തകർന്നുവീണത് നിരവധി റിക്കാർഡുകൾ. ഇരു ടീമും തമ്മിലുള്ള പോരാട്ട ചരിത്രത്തിൽ ലിവർപൂൾ നേടുന്ന ഏറ്റവും വലിയ ജയമാണിത്.
1895ൽ 7-1ന് ലിവർപൂൾ ജയിച്ചതായിരുന്നു ഇതിനു മുന്പത്തെ അവരുടെ ഏറ്റവും മികച്ച ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമാണിത്. 1931ൽ വൂൾവ്സിനോടും 7-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റിരുന്നു. അതിനുശേഷം 90 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നാണക്കേടാണിത്. 1908നു ശേഷം ആദ്യമായാണ് മൂന്നു ലിവർപൂൾ കളിക്കാർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ഒരു മത്സരത്തിൽ ഇരട്ട ഗോൾ സ്വന്തമാക്കുന്നത്. സല റിക്കാർഡ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ എക്കാലത്തെയും ടോപ് സ്കോറർ എന്ന റിക്കാർഡ് ക്ലബ്ബിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല സ്വന്തമാക്കി. ഇതിഹാസ താരം റോബീ ഫ്ളവറിനെയാണ് സല മറികടന്നത്. 205 മത്സരങ്ങളിൽനിന്നു സലയുടെ പ്രീമിയർ ലീഗ് ഗോൾ നേട്ടം 129 ആയി. യുണൈറ്റഡിനെതിരേ തുടർച്ചയായ ആറു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരവുമായി സല.
Source link