താരം താര… റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു മിന്നും ജയം
മുംബൈ: അമേരിക്കൻ താരപ്രഭയിൽ പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ്. അമേരിക്കൻ പേസ് ബൗളർ താര നോറിസിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ ഡൽഹി ക്യാപ്പിറ്റൽസിനു മിന്നും ജയം. 60 റണ്‍സിനു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണു ക്യാപ്പിറ്റൽസ് തോൽപ്പിച്ചത്. റണ്ണൊഴുകുന്ന പിച്ചിലാണു താരയുടെ അഞ്ചു വിക്കറ്റ് പ്രകടനം എന്നതാണ് ഏറെ ശ്രദ്ധേയം. ഇതോടെ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ഉടമയുമായി താര നോറിസ്. തുടരുന്ന റണ്ണൊഴുക്ക് പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ ഇന്നിംഗ്സ് സ്കോർ 200 കടന്നു. ഉദ്ഘാടനമത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്സിനെതിരേ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സ് ആയിരുന്നു കുറിച്ചതെങ്കിൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് അടിച്ചുകൂട്ടിയത് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനായി ഓപ്പണർമാരായ ഷെഫാലി വർമയും (84) മെഗ് ലാന്നിംഗും (72) അർധസെഞ്ചുറി നേടി. മരിസാനെ കാപ്പും (39), ജെമീമ റോഡ്രിഗസും (22) പുറത്താകാതെയും നിന്നു.
ഏക അസോസിയേറ്റ് താരം ഉദ്ഘാടനമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ 15.1 ഓവറിൽ ഗുജറാത്ത് ജയ്ന്റ്സ് 64 റണ്‍സിനു പുറത്തായി 143 റണ്‍സ് തോൽവി വഴങ്ങിയ അതേ പാതയിലായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും യാത്ര. 224 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ബംഗളൂരുവിനായി ഓപ്പണർമാരായ സ്മൃതി മന്ഥാനയും (35) സോഫി ഡിവൈനും (14) ആദ്യവിക്കറ്റിൽ 41 റണ്‍സ് നേടി. വിക്കറ്റ് നഷ്ടമില്ലാതെ 41 എന്ന നിലയിൽനിന്ന് ഏഴിന് 96 എന്ന നിലയിലേക്കു ബംഗളൂരു കൂപ്പുകുത്തി. താര നോറിസ് ആദ്യ രണ്ട് ഓവറിൽ ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ 29 റണ്‍സിനായിരുന്നു താരയുടെ അഞ്ചു വിക്കറ്റ് പ്രകടനം. ഐസിസി അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് വനിതാ പ്രീമിയർ ലീഗിൽ ലേലത്തിലെത്തിയ ഏക താരമാണു താര. താര നോറിസാണു പ്ലെയർ ഓഫ് ദ മാച്ച്. സൂപ്പർ വാരിയേഴ്സ് മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ജയ്ന്റ്സിനെതിരേ ഉത്തർപ്രദേശ് വാരിയേഴ്സിനു മൂന്നു വിക്കറ്റ് ജയം. സ്കോർ: ഗുജറാത്ത് 169/6 (20), ഉത്തർപ്രദേശ് 175/7 (19.5). ഉത്തർപ്രദേശിനായി കിരൺ നവ്ഗിർ (43 പന്തിൽ 53), ഗ്രെയ്സ് ഹാരിസ് (26 പന്തിൽ 59 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി നേടി. ഹാരിസിന്റെ ഇന്നിംഗ്സാണ് ഉത്തർപ്രദേശിനെ ജയത്തിലെത്തിച്ചത്. ഗുജറാത്തിന്റെ കിം ഗാർത്ത് നാല് ഓവറിൽ 36 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
Source link