ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദമായ മത്സരത്തിനൊടുവിൽ ബംഗളൂരു എഫ്സി 1-0ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതോടെ മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴാണ് വിവാദ സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ 96-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ അതിവേഗ ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഫുട്ബോളിന്റെ മാന്യതയ്ക്കു നിരക്കാത്ത തരത്തിൽ ഫ്രീകിക്ക് ഗോൾ വന്നത്. പ്രതിരോധമതിൽ തീർക്കുന്ന കളിക്കാർക്ക് നിർദേശം നൽകാനായി ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിംഗ് ഗിൽ മുന്നോട്ട് കയറി നിൽക്കുകയായിരുന്നു അപ്പോൾ. ഫ്രീ കിക്കിനു പന്ത് വയ്ക്കാനുള്ള വര ഇടാനും പ്രതിരോധമതിൽ എവിടെയായിരിക്കണമെന്ന ലൈൻ ഇടാനും റഫറി തുനിഞ്ഞില്ല എന്നതാണ് ദുഃഖകരം. എന്നാൽ, അതിവേഗ ഫ്രീകിക്ക് (ക്വിക്ക് ഫ്രീ കിക്ക്) ഫുട്ബോളിൽ അനുവദനീയമാണ്.
ഗോൾ റദ്ദാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആവശ്യപ്പെട്ടെങ്കിലും റഫറി അംഗീകരിക്കാതിരുന്നതോടെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കളിക്കാരെ പിൻവലിച്ച് ഡ്രസിംഗ് റൂമിലേക്ക് നടന്നു. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ ഐഎസ്എൽ അധികൃതർ മത്സരം ബംഗളൂരുവിന് അനുകൂലമായി വിധിച്ചു. റഫറിയുടെ നിർദേശപ്രകാരമാണ് കിക്ക് എടുത്തതെന്നും ഡിഫെൻസ് വാൾ വേണ്ടെന്ന് റഫറിയോട് നിർദേശിച്ചിരുന്നു എന്നുമാണ് വിവാദ ഗോളിനെ കുറിച്ച് മത്സരശേഷം സുനിൽ ഛേത്രി പ്രതികരിച്ചത്. എങ്കിലും ഫുട്ബോൾ മാന്യതയ്ക്ക് നിരക്കുന്ന ഗോളിൽ അല്ല ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് എന്നതാണ് വാസ്തവം. മത്സരത്തിനിടെ ഇവാൻ വുകോമനോവിച്ച് ടീമിനെ പിൻവലിച്ചതും മാന്യതയല്ലെന്ന മറുവാദവും ഉയർന്നിട്ടുണ്ട്.
Source link