ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പ്ലേ ഓഫ് എലിമിനേറ്ററിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ബംഗളൂരു എഫ്സിയെ നേരിടും. ബംഗളൂരുവിന്റെ ആസ്ഥാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. നോക്കൗട്ട് രീതിയിലുള്ള മത്സരത്തിൽ ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. സെമിയിൽ ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ എഫ്സിയാണ് എതിരാളി. 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും ഏറ്റുമുട്ടുന്ന മൂന്നാം പോരാട്ടമാണ് ഇന്നത്തേത്. കൊച്ചിയിൽ നടന്ന ലീഗ് റൗണ്ടിലെ ആദ്യപാദ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-2ന് ജയിച്ചു. ബംഗളൂരുവിൽ നടന്ന രണ്ടാം പാദത്തിൽ ബംഗളൂരു 1-0ന്റെ ജയവും സ്വന്തമാക്കി. കലിയൂഷ്നി ഇല്ല, രാഹുൽ എത്തും ലീഗ് റൗണ്ടിൽ ഏഴ് മഞ്ഞക്കാർഡ് കണ്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യുക്രെയ്ൻ സെൻട്രൽ മിഡ്ഫീൽഡർ ഇവാൻ കലിയൂഷ്നി ഇന്ന് ടീമിനൊപ്പം ഇല്ല. ഏഴ് മഞ്ഞക്കാർഡിനു ശേഷമുള്ള ഒരു മത്സരവിലക്കാണ് കലിയൂഷ്നി പുറത്തിരിക്കാൻ കാരണം. അതേസമയം, എടികെ മോഹൻ ബഗാനെതിരായ ലീഗ് റൗണ്ട് പോരാട്ടത്തിൽ രണ്ട് മഞ്ഞക്കാർഡിലൂടെ ചുവപ്പു കണ്ട കെ.പി. രാഹുൽ സസ്പെൻഷനു ശേഷം ടീമിൽ തിരിച്ചെത്തും.
കണക്ക് എതിര് ഒരു റൗണ്ട് മാത്രമുള്ള നോക്കൗട്ട് പോരാട്ടചരിത്രം കേരള ബ്ലാസ്റ്റേഴ്സിന് എതിരാണ്. ഇതുവരെ ഒരു റൗണ്ട് മാത്രമുള്ള നോക്കൗട്ടിൽ മൂന്ന് പ്രാവശ്യം കളിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഒരുതവണപോലും ജയിച്ചിട്ടില്ല. അതുമാത്രമല്ല, 2023 കലണ്ടർ വർഷത്തിൽ ബംഗളൂരു എഫ്സി ഇതുവരെ തോൽവി നേരിട്ടിട്ടില്ല. ഈ വർഷം കളിച്ച എട്ട് മത്സരത്തിൽ എട്ടിലും ബംഗളൂരു എഫ്സി ജയം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് ഈ വർഷം ഒന്പത് മത്സരം കളിച്ചതിൽ ആറിലും തോറ്റു.
Source link