ഫോളോ ഓണ്‍ ചെയ്തശേഷം ചരിത്രവിജയം കുറിച്ച് ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ വെല്ലിംഗ്ടണ്‍ ടെസ്റ്റിൽ ന്യൂസിലൻഡിനു ചരിത്രജയം. ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓണ്‍ ചെയ്തശേഷം രണ്ടാം ഇന്നിംഗ്സിൽ ഉജ്വല തിരിച്ചുവരവ് നടത്തിയ കിവീസ്, ഇംഗ്ലണ്ടിനെ ഒരു റണ്ണിനാണു പരാജയപ്പെടുത്തിയത്. കിവീസ് ഉയർത്തിയ 258 റണ്‍സ് പിന്തുടർന്ന സന്ദർശകർ 256ന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ നീൽ വാഗ്നറുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾ ചാരമാക്കിയത്. 75-ാം ഓവറിന്റെ രണ്ടാം പന്തിൽ ജയിംസ് ആൻഡേഴ്സനെ വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ കൈയിലെത്തിച്ച വാഗ്നർ കിവീസിനു ചരിത്രജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരന്പര 1-1നു സമനിലയായി. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെയ്ൻ വില്യംസണാണു മത്സരത്തിലെ താരം. 329 റണ്‍സും ഒരു വിക്കറ്റും നേടിയ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് പരന്പരയുടെ താരമായി. സ്കോർ: ഇംഗ്ലണ്ട് 435-8 ഡിക്ല. (ഹാരി ബ്രൂക് 186, ജോ റൂട്ട് 153*; മാറ്റ് ഹെന്റി 4-100), 256 (ജോ റൂട്ട് 95, നീൽ വാഗ്നർ 4-62); ന്യൂസിലൻഡ് 209 (ടിം സൗത്തി 73); 483 (കെയ്ൻ വില്യംസണ് 132, ജാക്ക് ലീച്ച് 5-157) അവസാന ദിവസം ഒന്‍പതു വിക്കറ്റ് ശേഷിക്കെ 210 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടിയിരുന്നത്. തുടക്കക്കാർ അതിവേഗം മടങ്ങിയതോടെ 80/5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. ആറാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് 121 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകിയതാണ്. എന്നാൽ, സ്റ്റോക്സിനെയും (33) റൂട്ടിനെയും (95) അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി വാഗ്നർ ഇംഗ്ലണ്ടിനു തിരിച്ചടി നൽകി. പിന്നാലെ സ്റ്റുവർട്ട് ബ്രോഡും (11) മടങ്ങി.
വിട്ടുകൊടുക്കാതെ പൊരുതിയ ബെൻ ഫോക്സ് (35) ജാക്ക് ലീച്ചിനൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ 251 റണ്‍സിലെത്തിച്ചു. ഫോക്സിനെ വീഴ്ത്തി സൗത്തിയാണു കിവീസിനെ മത്സരത്തിലേക്കു തിരികെകൊണ്ടുവന്നത്. ഒടുവിൽ ജയത്തിലേക്കു രണ്ടു റണ്‍സ് മാത്രം ശേഷിക്കേ ആൻഡേഴ്സനെ പുറത്താക്കി വാഗ്നർ കിവീസിന് ആവേശവിജയം സമ്മാനിച്ചു. വാഗ്നർക്കു പുറമേ ആതിഥേയർക്കായി ടിം സൗത്തി മൂന്നും മാറ്റ് ഹെൻറി രണ്ടും വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓണ്‍ ചെയ്ത കിവീസിനെ കെയിൻ വില്യംസന്റെ സെഞ്ചുറിയാണ് മത്സരത്തിൽ തിരികെയെത്തിച്ചത്. ടോം ബ്ലണ്ടൽ (90), ഡാരിൽ മിച്ചൽ (54) എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ വില്യംസണ് കിവീസിന് രണ്ടാം ഇന്നിംഗ്സിൽ 483 റണ്‍സെന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം ഒരു റണ്ണിനു മത്സരം വിജയിക്കുന്നത്. 1993ൽ ഓസ്ട്രേലിയക്കെതിരായ വെസ്റ്റിൻഡീസിന്റെ ജയമാണു ചരിത്രത്തിൽ ആദ്യത്തേത്. ഫോളോ ഓണ്‍ ചെയ്ത ഒരു ടീം ടെസ്റ്റ് ജയിക്കുന്നതു നാലാം തവണമാത്രം. 1894ലും 1981ലും ഇംഗ്ലണ്ട് ഫോളോ ഓണ്‍ ചെയ്തശേഷം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 2001ൽ ഇന്ത്യ ഈഡൻ ഗാർഡനിൽ ചരിത്രവിജയം നേടുന്പോഴും ഓസ്ട്രേലിയയായിരുന്നു എതിരാളികൾ.
Source link