ലയണൽ മെസി ഫിഫ ബെസ്റ്റ് പ്ലെയർ
പാരീസ്: അർജന്റൈൻ താരം ലയണൽ മെസി ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരം. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരിം ബെൻസേമ എന്നിവരെ പിന്നിലാക്കിയാണു മെസി ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടിയത്. ഖത്തർ ലോകകപ്പിലെ കിരീടനേട്ടമാണു മെസിയുടെ പുരസ്കാരനേട്ടത്തിന്റെ ആണിക്കല്ല്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയ മെസി, ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ചാന്പ്യന്മാരാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ലോകകപ്പ് ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസി, പിഎസ്ജിക്കായി 27 കളിയിൽനിന്ന് 16 ഗോളും 14 അസിസ്റ്റും നേടി. ഇത് ഏഴാം തവണയാണു മെസി ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടുന്നത്. 2016ൽ ഫിഫ ദി ബെസ്റ്റ് പുരസ്കാരം അവതരിപ്പിച്ചശേഷം രണ്ടാം വട്ടവും. 2019ലായിരുന്നു മുന്പത്തെ പുരസ്കാര നേട്ടം. ഇതിനുശേഷം രണ്ടുവർഷവും റോബർട്ട് ലെവൻഡോവ്സ്കി പുരസ്കാരം നേടി. സ്പെയിനിന്റെ ബാഴ്സലോണ താരം അലക്സിയ പ്യുട്ടയ്യസാണു മികച്ച വനിതാ താരം. തുടർച്ചയായ രണ്ടാം തവണയാണു സ്പാനിഷ് താരം ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടുന്നത്. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണു മികച്ച പുരുഷ ഗോൾകീപ്പർ. അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ലയണൽ സ്കലോണി മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആരാധകർക്കുള്ള പുരസ്കാരം അർജന്റീന സ്വന്തമാക്കി. മറ്റു പുരസ്കാരങ്ങൾ പുഷ്കാസ് പുരസ്കാരം: മാർസിൻ ഒലെക്സി മികച്ച വനിതാ കോച്ച്: സറീന വീഗ്മാൻ മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ്
അർജന്റീനയെ 2022 ലോകകപ്പ് വിജയത്തിലേക്കു നയിച്ച പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ 2026 വരെ നീട്ടി. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ 2026ൽ കാനഡ, മെക്സിക്കോ, യുഎസ്എ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലും സ്കലോണി അർജന്റീന ടീമിനെ പരിശീലിപ്പിക്കും. 14 വർഷത്തിനിടെ ഇത് ഏഴാം തവണയാണു മെസി ഫിഫയുടെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2009, 2010, 2011, 2012, 2015, 2019, 2023 വർഷങ്ങളിലാണു ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മെസി നേടിയത്. ഇതിൽ 2019ലും 2023ലും ലഭിച്ചതു ഫിഫ ദി ബെസ്റ്റ് പുരസ്കാരവും 2009, 2010, 2011, 2012, 2015 വർഷങ്ങളിൽ ബാലൻ ഡി ഓർ പുരസ്കാരവുമാണ്. 1956 മുതൽ ഫ്രാൻസ് ഫുട്ബാൾ മാഗസിൻ നൽകിവന്ന ബാലൻ ഡി ഓർ, 1991 മുതൽ ഫിഫ നൽകിവരുന്ന ഫിഫ പ്ലെയർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾ 2010 മുതൽ ഫിഫ ബാലൻ ഡി ഓർ എന്ന പേരിൽ ഒറ്റ അവാർഡായാണു നൽകിയിരുന്നത്. എന്നാൽ, 2016 മുതൽ വീണ്ടും വ്യത്യസ്ത അവാർഡുകൾ നൽകാൻ തുടങ്ങി. ഫിഫ ‘ദി ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ എന്ന പേരിലും ഫ്രാൻസ് ഫുട്ബാൾ മാഗസിൻ ‘ബാലൻ ഡി ഓർ’ എന്ന പേരിലുമാണ് ഇപ്പോൾ പുരസ്കാരം നൽകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഫിഫയുടെ കഴിഞ്ഞ സീസണിലെ ബെസ്റ്റ് ഇലവൻ. മെസിയുൾപ്പെടെ പ്രധാന കളിക്കാരെല്ലാം ടീമിൽ ഇടംപിടിച്ചപ്പോഴാണു റൊണാൾഡോ പുറത്തായത്. 2007നുശേഷം ആദ്യമായാണു റൊണാൾഡോ ഫിഫ ഇലവനിൽ സ്ഥാനം നേടാതെ പോകുന്നത്. വിർജിൽ വാൻ ഡൈക്, അച്റഫ് ഹക്കിമി, കാൻസലോ, കെവിൻ ഡി ബ്രുയ്നെ, ലൂക്ക മോഡ്രിച്ച്, കസെമിറോ, മെസി, കിലിയൻ എംബാപ്പെ, കരിം ബെൻസേമ, എർലിംഗ് ഹാലണ്ട് എന്നിവരാണു ടീമംഗങ്ങൾ. തിബോ കോർത്വായാണു ഗോളി.
Source link