ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയംതുടർന്ന് ആഴ്സണൽ. ഏകപക്ഷീയ ഒരു ഗോളിനു ഗണ്ണേഴ്സ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. 46ാം മിനിറ്റിൽ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളാണ് ആഴ്സനലിനു വിജയം സമ്മാനിച്ചത്. 24 കളികളിൽനിന്ന് 57 പോയിന്റുമായി ആഴ്സനൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും തകർപ്പൻ ജയത്തോടെ കിരീടപ്രതീക്ഷ കാത്തു. ഒന്നിനെതിരേ നാലു ഗോളുകൾക്കാണു സിറ്റി ബേണ്‍മൗത്തിനെ വീഴ്ത്തിയത്. ജൂലിയൻ അൽവാരസ് (15’), എർലിംഗ് ഹാലണ്ട് (29’), ഫിൽ ഫോഡൻ (45’) എന്നിവർക്കൊപ്പം ക്രിസ് മെഫാമിന്റെ സെൽഫ് ഗോൾകൂടി ചേർന്നതോടെ സിറ്റിയുടെ ഗോൾനേട്ടം നാലായി. 83-ാം മിനിറ്റിൽ ജെഫേഴ്സണ്‍ ലെർമയുടെ വകയായിരുന്നു ബേണ്‍മൗത്തിന്റെ ആശ്വാസഗോൾ. ആഴ്സണലിനേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റിക്ക് 55 പോയിന്റാണുള്ളത്.
അതേസമയം, കരുത്തരായ ലിവർപൂളിനെ ക്രിസ്റ്റൽപാലസ് ഗോൾരഹിത സമനിലയിൽ തളച്ചു. മറ്റു മത്സരങ്ങളിൽ ആസ്റ്റണ്‍ വില്ല എവർട്ടനെയും (2-0), ലീഡ്സ് യുണൈറ്റഡ് സതാംപ്ടണെയും (1-0), വെസ്റ്റ്ഹാം നോട്ടിംഗ്ഹം ഫോറസ്റ്റിനെയും (4-0) തകർത്തു. ഫുൾഹാം-വൂൾഫ്സ് മത്സരം ഒരു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
Source link