രക്ഷയില്ല; ഹൈദരാബാദിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിന് തോൽവി
കൊച്ചി: സ്വന്തം മൈതാനത്ത് അവസാന ലീഗ് പോരാട്ടത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അടിതെറ്റി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ഹൈദരാബാദിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. 29-ാം മിനിട്ടില്‍ വിദേശതാരം ബോര്‍ജയുടെ ഗോളിലാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നല്‍കിയത്. ലീഗിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്ത് ബ്ലാസ്റ്റേഴ്സില്‍ നിന്നേറ്റ പരാജയത്തിന്റെ മധുര പ്രതികാരം കൂടിയായി ഹൈദരാബാദിന് ഈ വിജയം. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 20 കളിയില്‍ നിന്ന് 10 ജയവും ഒരു സമനിലയും ഒന്‍പത് തോല്‍വിയുമായി 31 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 21-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു നീക്കമുണ്ടായത്. 30 വാര അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്ത ലൂണയ്ക്ക് പക്ഷെ പിഴച്ചു. അധികം താമസിക്കാതെ ഹൈദരാബാദ് ലക്ഷ്യം കണ്ടു. മൈതാന മധ്യത്ത് ബ്ലാസ്റ്റേഴ്സ് നായകന് ജെസല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവ് മുതലെടുത്താണ് ഹൈദരാബാദ് ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ കിട്ടിയ പന്ത് ബോര്‍ജ മനോഹരമായി വലയിലാക്കി.
ഗോളാരവം അവസാനിപ്പിക്കുന്നതിന് മുമ്പുതന്നെ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന്റെ വല വീണ്ടും കുലുക്കി. എന്നാൽ റഫറി ഓഫ് സൈഡ് വിളിച്ചു. മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇനി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിനെതിരേ പ്ലേ ഓഫീനായി ബ്ലാസ്റ്റേഴ്സിന് ഒരുങ്ങാം.
Source link