മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ റൊമേലു ലുകാക്കുവിന്റെ ഗോളിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനു ജയം. ഹോം മത്സരത്തിൽ 1-0ന് പോർച്ചുഗൽ ക്ലബ്ബായ എഫ്സി പോർട്ടോയെയാണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. 86-ാം മിനിറ്റിലായിരുന്നു ലുകാക്കുവിന്റെ ഗോൾ. 78-ാം മിനിറ്റിൽ ഒറ്റാവിയൊ ചുവപ്പുകാർഡ് കണ്ടതോടെ പോർട്ടോയുടെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു. 58-ാം മിനിറ്റിൽ എഡിൻ സെക്കൊയ്ക്കു പകരമായാണു ലുകാക്കു മൈതാനത്തെത്തിയത്. ലുകാക്കുവിന്റെ ഹെഡർ ആദ്യം പോസ്റ്റിലിടിച്ചു തെറിച്ചെങ്കിലും റീബൗണ്ട് വലയിലാക്കി ബെൽജിയം താരം ഇന്ററിനു ജയമൊരുക്കി. ഹൊസെ മൗറീഞ്ഞോയുടെ കീഴിൽ 2009-10നു ശേഷം ഗോൾ വഴങ്ങാതെ തുടർച്ചയായി രണ്ടു ചാന്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരം ഇന്റർ മിലാൻ ജയിക്കുന്നത് ഇതാദ്യം.
സിറ്റി കുടുങ്ങി യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് എവേ പോരാട്ടത്തിൽ 1-1 സമനില. ജർമൻ സംഘമായ ലൈപ്സിഗാണ് പെപ് ഗ്വാർഡിയോളയുടെ കുട്ടികളെ സമനിലയിൽ തളച്ചത്. 27-ാം മിനിറ്റിൽ റിയാദ് മെഹ്റെസിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് സ്വന്തമാക്കി. എന്നാൽ, 70-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോളിലൂടെ ലൈപ്സിഗ് സമനിലയിലെത്തി. യുവേഫ ചാന്പ്യൻസ് ലീഗിൽ 20 ഗോൾ നേടുന്ന അഞ്ചാമത് ആഫ്രിക്കൻ താരമാണ് അൾജീരിയക്കാരനായ റിയാദ് മെഹ്റെസ്. മുഹമ്മദ് സല (44), ദിദിയേ ദ്രോഗ്ബ (44), സാമുവൽ എറ്റു (30), സാദിയോ മാനെ (27) എന്നിവരാണ് മുന്പ് ഈ നേട്ടത്തിലെത്തിയവർ.
Source link