കേപ് ടൗണ്‍: ഐസിസി ട്വന്റി-20 ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യ പൊരുതി വീണു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയോട് അഞ്ച് റൺസിനാണ് ഇന്ത്യ തോറ്റത്. സ്കോർ: ഓസ്ട്രേലിയ 172/4 (20), ഇന്ത്യ 167/8 (20). ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ അലിസ ഹീലിയും (25) ബെത് മൂണിയും (54) ചേർന്ന് ആദ്യ വിക്കറ്റിൽ 52 റണ്‍സ് അടിച്ചെടുത്തു. 26 പന്തിൽ 25 റണ്‍സ് നേടിയ ഹീലിയെ രാധ യാദവിന്റെ പന്തിൽ റിച്ച ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 37 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 54 റണ്‍സ് നേടിയ മൂണിയെ ശിഖ പാണ്ഡെ മടക്കി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മെഗ് ലാന്നിംഗും (34 പന്തിൽ 49 നോട്ടൗട്ട്) ആഷ്ലി ഗാർഡനറും (18 പന്തിൽ 31) ചേർന്ന് 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗാഡ്നറിനെ ബൗൾഡാക്കി ദീപ്തി ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്രെയ്സ് ഹാരിസിനെ (7) ശിഖ പാണ്ഡെയും ബൗൾഡാക്കി. എങ്കിലും 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് എന്ന കൂറ്റൻ സ്കോർ ഓസീസ് പടുത്തുയർത്തി.
173 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് 28 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഷെഫാലി വർമയും (9) സ്മൃതി മന്ഥാനയും (2) വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ മൂന്നാം നന്പർ ബാറ്ററായ യാസ്തിക ഭാട്യ (4) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ജമീമ റോഡ്രിഗസും (24 പന്തിൽ 43) ഹർമൻപ്രീത് കൗറും (34 പന്തിൽ 52) ചേർന്ന് 69 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് തിരിച്ചടിച്ച് തുടക്കമിട്ടത്.
Source link