വനിതാ ട്വന്റി20 ലോകകപ്പ് : ഇന്ത്യ x ഓസ്ട്രേലിയ ആദ്യ സെമി ഇന്ന്

കേപ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലിൽ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ. കേപ്ടൗണിലെ ന്യൂലാൻഡ്സാണു വേദി. വൈകുന്നേരം 6.30 മുതലാണു മത്സരം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വനിതാ ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളുടെ പേരിനൊപ്പം ഇന്ത്യയുണ്ടെങ്കിലും ഇതുവരെ ഒരു പ്രധാന കിരീടം നേടാനായിട്ടില്ല. നോക്കൗട്ടിൽ ഓസ്ട്രേലിയയോടോ ഇംഗ്ലണ്ടിനോടോ പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ പതിവ്. ഇക്കുറി അതിനു മാറ്റമുണ്ടാകണമെങ്കിൽ തകർപ്പൻ പ്രകടനം ഇന്ത്യയിൽനിന്നു വരണം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടിരുന്നു. അടുത്തിടെ നടന്ന കോമണ്‍വെൽത്ത് ഗെയിംസ് സ്വർണമെഡൽ പോരാട്ടത്തിലും ഓസീസിനോടു പരാജയപ്പെടാനായിരുന്നു ഇന്ത്യൻ വനിതകളുടെ വിധി. ആശങ്ക ബാക്കി ടൂർണമെന്റ് ഗ്രൂപ്പ് ഘട്ടത്തിൽ നാലിൽ മൂന്നു മത്സരങ്ങളും ജയിച്ചാണു ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ സെമിയിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരേ തോറ്റു. എന്നാൽ, ടീമിന്റെ പ്രകടനങ്ങൾ അത്ര മെച്ചമല്ല. ടോപ് ഓർഡറിന്റെ സ്ഥിരതയില്ലായ്മയാണു മുഖ്യപ്രശ്നം. സിക്സുകളുടെ കുറവും ഡോട്ട് ബോളുകൾ കൂടുന്നതും ടീമിന്റെ ആശങ്കയാണെന്നു ഹർമൻപ്രീത് തന്നെ പറഞ്ഞിട്ടുണ്ട്. ഓപ്പണർ ഷെഫാലി വർമയ്ക്കും ഹർമൻപ്രീതിനും ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കുറിയും പരാജയപ്പെട്ടാൽ ഹർമന്റെ നായികാസ്ഥാനം തുലാസിലാകും.
സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാനയുടെ ഫോമിലാണു ടീമിന്റെ പ്രതീക്ഷ. ജെമീമ റോഡ്രിഗസും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ബൗളിംഗിൽ രേണുക ഠാക്കൂറും ദീപ്തി ശർമയുമാണു ഫോമിലുള്ള താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ അഞ്ചു വിക്കറ്റ് പ്രകടനമുൾപ്പെടെ ഏഴു വിക്കറ്റ് ടൂർണമെന്റിൽ രേണുകയുടെ പേരിലുണ്ട്. പൂജ വസ്ത്രാകർ, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ് എന്നിവരിൽനിന്ന് ഇനിയും മെച്ചപ്പെട്ട പ്രകടനങ്ങൾ ടീം പ്രതീക്ഷിക്കുന്നു. വിജയം തുടരാൻ തുടർച്ചയായി 22 ട്വന്റി20 മത്സരങ്ങളുടെ വിജയചരിതവുമായാണു മെഗ് ലാനിംഗ് നയിക്കുന്ന ഓസ്ട്രേലിയയുടെ കുതിപ്പ്. 2021 മാർച്ചിനുശേഷം എല്ലാ ഫോർമാറ്റിലുമായി ഓസ്ട്രേലിയ രണ്ടു മത്സരങ്ങൾ മാത്രമാണു തോറ്റത്. അതു രണ്ടും ഇന്ത്യയോടായിരുന്നു. ഡിസംബറിൽ ഇന്ത്യയിൽ നടന്ന പരന്പരയിൽ ഇന്ത്യയെ 4-1നു പരാജയപ്പെടുത്തിയത് ഓസീസിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. പരിക്കിനെത്തുടർന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് മത്സരം നഷ്ടപ്പെട്ട വിക്കറ്റ് കീപ്പർ അലിസ ഹീലിയുടെ തിരിച്ചുവരവ് ഓസ്ട്രേലിയയ്ക്കു കരുത്താണ്.
Source link