സാനിയ മിർസ ടെന്നീസിൽനിന്നു വിരമിച്ചു
ഇന്ത്യൻ ടെന്നീസ് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ സാനിയ മിർസ രണ്ടു പതിറ്റാണ്ടു നീളുന്ന രാജ്യാന്തര കരിയറിനു വിരാമമിട്ടു. ഇന്നലെ ദുബായ് ഓപ്പണിൽ പ്രഫഷണൽ കരിയറിലെ അവസാന മത്സരം കളിച്ച സാനിയ ആദ്യറൗണ്ടിൽ തോറ്റുപുറത്തായി. അമേരിക്കയുടെ മാഡിസണ്‍ കെയ്സിനൊപ്പം ഡബിൾസ് കളിക്കാനിറങ്ങിയ സാനിയയെ റഷ്യൻ ജോഡികളായ വെറോനിക്ക കുദർമെറ്റോവ-ല്യുഡ്മില സാംസനോവ സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്കോർ: 4-6, 0-6. ഡബിൾസിൽ ആറു ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാനിയ, 91 ആഴ്ച ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുതുടർന്ന താരമാണ്. ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരമാണ് സാനിയ.
സിംഗിൾസിൽ 27-ാം റാങ്കിലെത്തിയ നേട്ടം ഇന്നോളം മറ്റൊരു വനിതാ താരത്തിനു മറികടക്കാനായിട്ടില്ല. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ഡബിൾസ് ഫൈനലിൽ എത്തിയശേഷമാണ് സാനിയ ഗ്രാൻസ്ളാമിൽനിന്നു വിടവാങ്ങിയത്.
Source link