പരിക്കില്‍ മടക്കം

ന്യൂഡൽഹി: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഓസ്ട്രേലിയയ്ക്കു തിരിച്ചടിയായി താരങ്ങളുടെ മടങ്ങിപ്പോക്ക്. ഡൽഹിയിൽ നടന്ന രണ്ടാം മത്സരം അവസാനിച്ചതിനു പിന്നാലെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്കു തിരിച്ചുപോയി. മൂന്നാം ടെസ്റ്റിനുമുന്‍പ് കമ്മിൻസ് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണു വിവരം. തിരിച്ചെത്താൻ വൈകിയാൽ സ്റ്റീവൻ സ്മിത്ത് പകരം ക്യാപ്റ്റനായി ചുമതലയേൽക്കും. മാർച്ച് ഒന്നിനാണ് ഇൻഡോറിൽ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നാഗ്പുരിൽ നടന്ന ആദ്യ ടെസ്റ്റിനുശേഷം ഓസ്ട്രേലിയൻ സ്പിന്നർ മിച്ചൽ സ്വെപ്സണ് നാട്ടിലേക്കു മടങ്ങിയിരുന്നു. മൂന്നാം ടെസ്റ്റിനുമുന്‍പ് സ്വെപ്സണ് തിരിച്ചെത്തും. ഹെയ്സൽവുഡ് പുറത്ത് ഇതിനുപുറമേ, പരിക്കേറ്റ പേസർ ജോഷ് ഹെയ്സൽവുഡിനു പരന്പര നഷ്ടമാകുമെന്നുറപ്പായി. ഉപ്പൂറ്റിക്കേറ്റ പരിക്കിനെത്തുടർന്നു ഹെയ്സൽവുഡ് ആദ്യ രണ്ടു ടെസ്റ്റുകളിലും കളിച്ചിരുന്നില്ല. ഡേവിഡ് വാർണർ, ആഷ്ടണ്‍ അഗർ, ടോഡ് മർഫി, മാറ്റ് റെൻഷോ, ലാൻസ് മോറിസ് എന്നിവരടക്കമുള്ള താരങ്ങളും നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നതായാണു റിപ്പോർട്ട്. രണ്ടാം ടെസ്റ്റിനിടെ വാർണറുടെ കൈയ്ക്കു പരിക്കേറ്റിരുന്നു. വാർണർക്കുപകരം കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയാണു കളത്തിലിറങ്ങിയത്. ഇൻഡോറിൽ വാർണർ കളിച്ചില്ലെങ്കിൽ ട്രാവിസ് ഹെഡ് ഓപ്പണറാകും.
സ്റ്റാർക്ക് തിരിച്ചെത്തും ടോഡ് മർഫി, റെൻഷോ എന്നിവർക്കും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്. ആഷ്ടണ്‍ അഗറിനെ ഏകദിന പരന്പരയ്ക്കുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്കു വിടാനാണു മാനേജ്മെന്റ് ആലോചിക്കുന്നത്. അതേസമയം, പരിക്കിനെത്തുടർന്നു പുറത്തായിരുന്ന കാമറൂണ്‍ ഗ്രീനും മിച്ച് സ്റ്റാർക്കും മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തിയേക്കും. മോശം ഫോമിനെത്തുടർന്ന് ടീമിൽനിന്നു പുറത്തായ ഗ്ലെൻ മാക്സ്വെല്ലിനെ ടെസ്റ്റ് ടീമിലേക്കു മടക്കിവിളിക്കില്ലെന്നാണ് ഓസീസ് പരിശീലകൻ നൽകുന്ന സൂചന.
Source link