ഭുവനേശ്വർ: നിലവിലെ ജേതാക്കളായ കേരളം സന്തോഷ് ട്രോഫിയിൽനിന്നു പുറത്ത്. നിർണായക മത്സരത്തിൽ പഞ്ചാബിനോടു സമനില വഴങ്ങിയതാണു കേരളത്തിനു പുറത്തേക്കുള്ള വഴികാട്ടിയത്. ഫൈനൽ റൗണ്ട് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടി. കേരളത്തിനായി വൈശാഖ് മോഹനനും പഞ്ചാബിനായി രോഹിത് ഷെയ്ഖും ഗോളടിച്ചു. ഇതോടെ എ ഗ്രൂപ്പിൽനിന്നു പഞ്ചാബും കർണാടകയും സെമിയിലേക്കു മുന്നേറി. ജയിച്ചാൽ മാത്രം മുന്നേറാമെന്ന നിലയിൽ കളി തുടങ്ങിയ കേരളം ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെതിരേ തുടക്കംമുതൽ മുന്നേറി. 24-ാം മിനിറ്റിൽ ഇതിന്റെ ഫലവും ലഭിച്ചു. അബ്ദുൾ റഹീമിന്റെ പാസ് സ്വീകരിച്ച് വൈശാഖ് മോഹനനാണു കേരളത്തിന് ലീഡ് നൽകിയത്. എന്നാൽ 34-ാം മിനിറ്റിൽ പഞ്ചാബ് തിരിച്ചടിച്ചു. കമൽദീപ് ഷെയ്ഖിന്റെ വകയായിരുന്നു പഞ്ചാബിന്റെ സമനിലഗോൾ. വീണ്ടും ലീഡെടുക്കാൻ കേരളം ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. രണ്ടാം പകുതിയിൽ കേരളം ആക്രമണം കടുപ്പിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യംമാത്രം വഴിക്കുവന്നില്ല. 87-ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. സെമി ഉറപ്പിക്കാൻ സമനില മതിയായിരുന്ന പഞ്ചാബ് പ്രതിരോധത്തിലേക്കു ചുവടുമാറ്റിയതും കേരളത്തിനു തിരിച്ചടിയായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുന്പോൾ കേരളത്തിനു നിരാശ ബാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു വീതം ജയവും സമനിലയും ഒരു തോൽവിയുമാണു കേരളത്തിനുള്ളത്. അക്കൗണ്ടിലുള്ളത് എട്ടു പോയിന്റ്. എ ഗ്രൂപ്പ് ചാന്പ്യൻമാരായ പഞ്ചാബിന് 11 പോയിന്റുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണു സെമി യോഗ്യത. ഏഴു പോയിന്റുണ്ടായിരുന്ന കേരളത്തിനു സെമി ഉറപ്പിക്കാൻ ഇന്നത്തെ കളി ജയിക്കണമായിരുന്നു. തുടക്കത്തിൽ കർണാടകയോടു തോറ്റതും മഹാരാഷ്ട്രയ്ക്കെതിരേ സമനില വഴങ്ങിയതുമാണു കേരളത്തിനു തിരിച്ചടിയായത്.
Source link