കിടുക്കി; ഡൽഹി ടെസ്റ്റിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം
ന്യൂഡൽഹി: രവീന്ദ്ര ജഡേജയുടെ മാസ്മരിക ബൗളിംഗ് പ്രകടനത്തിന്റെ മികവിൽ ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തി ടീം ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സന്ദർശകർ ഉയർത്തിയ 115 റണ്‍സ് വിജയലക്ഷ്യം 26.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്കോർ: ഓസ്ട്രേലിയ (263, 113), ഇന്ത്യ (262, 118/4),ജയത്തോടെ പരന്പരയിൽ 2-0ന് ഇന്ത്യ മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലെ ഏഴു വിക്കറ്റ് പ്രകടനമുൾപ്പെടെ, മത്സരത്തിലാകെ പത്തു വിക്കറ്റ് നേടി ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ രവീന്ദ്ര ജഡേജയാണു കളിയിലെ താരം (68/3, 26; 42/7). ജയത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ അടുത്തു. മാർച്ച് ഒന്നുമുതൽ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണു മൂന്നാം ടെസ്റ്റ്. കൂട്ടക്കുരുതി 12 ഓവറിൽ 61/1 എന്ന മികച്ചനിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽത്തന്നെ ട്രാവിസ് ഹെഡിനെ (43) നഷ്ടപ്പെട്ടു. ആർ. അശ്വിന്റെ പന്തിൽ ബാറ്റിംഗ് പിഴച്ച ഹെഡിനെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് കൈയിലൊതുക്കി. പിന്നാലെ സ്റ്റീവൻ സ്മിത്തിനെയും (9) മാറ്റ് റെൻഷോയെയും കൂടി അശ്വിൻ വീഴ്ത്തിയതോടെ ഇത് അദ്ദേഹത്തിന്റെ ദിനമാണെന്നു തോന്നിപ്പിച്ചു. എന്നാൽ ജഡേജയുടെ ചുഴലി വാരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. നിലയുറപ്പിച്ചു കളിച്ച മാർനസ് ലബുഷെയ്നെ (35) ബൗൾഡാക്കിയാണു ജഡേജ മൂന്നാം ദിനം വിക്കറ്റ് വേട്ട തുടങ്ങിയത്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഓസീസ് മധ്യനിരയിലൂടെ ജഡേജ കയറിനിരങ്ങി. പീറ്റർ ഹാൻസ്കോംബ് (0), അലക്സ് കാരെ (7), പാറ്റ് കമ്മിൻസ് (0) നേഥൻ ലയണ്‍ (8), മാത്യു കുനമൻ (0) എന്നിങ്ങനെ ഓസീസുകാർ ജഡേജയ്ക്കു വിക്കറ്റ് നൽകി മടങ്ങി. അപ്പോൾ ഓസ്ട്രേലിയൻ അക്കൗണ്ടിൽ 113 റണ്‍സ് മാത്രം; ആദ്യ ഇന്നിംഗ്സിലെ ഒരു റണ്‍കൂടി ചേർത്ത് ഇന്ത്യക്കു മുന്നിൽ ഉയർത്തിയ വിജയലക്ഷ്യം 115 റണ്‍സ്. പുജാര മതിൽ ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ കെ.എൽ. രാഹുലിനെ നഷ്ടപ്പെട്ടു. ഒരു റണ്ണെടുത്ത രാഹുൽ നേഥൻ ലയണിനു വിക്കറ്റ് നൽകി മടങ്ങി. എന്നാൽ രോഹിത് ശർമ തകർത്തടിക്കാനുള്ള മൂഡിലായിരുന്നു. ചേതേശ്വർ പുജാരയെ കാഴ്ചക്കാരനാക്കി 20 പന്തിൽ 31 റണ്ണടിച്ച രോഹിത്, പുജാരയുമായുണ്ടായ ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായി. വിരാട് കോഹ്ലി (31 പന്തിൽ 20), ശ്രേയസ് അയ്യർ (10 പന്തിൽ 12) വിജയലക്ഷ്യത്തിലേക്കു തങ്ങളുടെ സംഭാവനകൾ നൽകിമടങ്ങി. തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതിനെ കൂട്ടുപിടിച്ച് നൂറാം ടെസ്റ്റ് കളിക്കുന്ന പുജാര ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. പുജാര 31 റണ്‍സോടെയും ഭരത് 22 പന്തിൽ 23 റണ്‍സോടെയും പുറത്താകാതെനിന്നു. മാറ്റമില്ല ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റുകൾ ജയിച്ച ടീമിൽനിന്നു മാറ്റങ്ങളില്ലാതെയാണു പ്രഖ്യാപനം.
Source link