ഇന്ത്യയെ 262 റണ്‍സിനു പുറത്താക്കി ഓസ്ട്രേലിയ ലീഡ് നേടി

ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ബുദ്ധി ഫലം കണ്ടു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തി കളി ആരംഭിച്ച ഓസ്ട്രേലിയ ഉദ്ദേശിച്ച ലക്ഷ്യം നേടി. ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 262 റണ്‍സിന് ഓസ്ട്രേലിയ പുറത്താക്കി. ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ ലഭിച്ചത് ഒരു റണ്ണിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയ മൂന്നാംദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ആകെ ലീഡ് 62 റണ്‍സ്. സ്കോർ: ഓസ്ട്രേലിയ 263, 61/1. ഇന്ത്യ 262. ഓസീസ് സ്പിൻ നഥാൻ ലിയോണ്‍, മാത്യു ഖുനെമാൻ, ടോഡ് മർഫി എന്നീ സ്പെഷലിസ്റ്റ് സ്പിന്നർമാരുമായാണ് ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഇന്ത്യൻ ടോപ് ഓർഡർ നിലംപരിശാക്കി നഥാൻ ലിയോണ്‍ മത്സരം ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാക്കി. രോഹിത് ശർമ (32), കെ.എൽ. രാഹുൽ (17), ചേതേശ്വർ പൂജാര (0), ശ്രേയസ് അയ്യർ (4), കെ.എസ്. ഭരത് (6) എന്നിവരെ പുറത്താക്കിയ ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഖുനെമാനും മർഫിയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. കോഹ്ലിയുടെ എൽബിഡബ്ല്യു വിരാട് കോഹ്ലിയുടെ (44) പുറത്താകൽ വിവാദം ക്ഷണിച്ചുവരുത്തി. ഖുനെമാന്റെ കന്നി ടെസ്റ്റ് വിക്കറ്റായിരുന്നു വിരാട് കോഹ്ലിയുടേത്. ബാറ്റ് ആൻഡ് പാഡ് ആയ പന്തിലാണ് കോഹ്ലി പുറത്തായത്. റിവ്യൂ എടുത്തെങ്കിലും അന്പയേഴ്സ് കോളിന്റെ ആനുകൂല്യം കോഹ്ലിക്ക് എതിരായി. നീരസം കൃത്യമായി വെളിപ്പെടുത്തിയാണ് കോഹ്ലി ക്രീസ് വിട്ടത്. പന്ത് ആദ്യം കൊണ്ടത് ബാറ്റിൽ ആണോ പാഡിൽ ആണോ എന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും പാഡിലാണ് ആദ്യം കൊണ്ടതെന്ന് അന്പയർ തീരുമാനിക്കുകയായിരുന്നു.
പട്ടേൽ പോരാട്ടം 74 റണ്‍സ് നേടിയ അക്സർ പട്ടേലാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. വിരാട് കോഹ്ലി (44), ആർ. അശ്വിൻ (37) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എട്ടാം വിക്കറ്റിൽ അക്സർ പട്ടേലും അശ്വിനും ചേർന്ന് 114 റണ്‍സ് നേടിയതായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമതു കൂട്ടുകെട്ടാണിത്. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ (6) വിക്കറ്റാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ് പുറത്തായ ഡേവിഡ് വാർണറിനു പകരം ട്രാവിസ് ഹെഡ് ഓപ്പണിംഗിനെത്തി. ഹെഡും (39) മാർനസ് ലബൂഷെയ്നുമാണ് (16) ക്രീസിൽ. വാർണറിനു കണ്‍കഷൻ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പന്ത് ഹെൽമറ്റിൽകൊണ്ടും കൈയിൽ കൊണ്ടും പരിക്കേറ്റ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പുറത്ത്. വാർണറിന്റെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. ഒന്നാംദിനം ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന്റെ പന്ത് വാർണറുടെ ഹെൽമെറ്റിൽ കൊണ്ടിരുന്നു. മറ്റൊരു പന്തുകൊണ്ട് വാർണറിന്റെ കൈക്കും പരിക്കേറ്റു. കണ്‍കഷൻ നിയമപ്രകാരം ഒരു കളിക്കാരനു തലയ്ക്ക് പരിക്കേറ്റാൽ പകരം മറ്റൊരാളെ കളിപ്പിക്കാം. ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 15 റണ്‍സ് മാത്രമാണ് വാർണർ നേടിയത്.
Source link