ഓസ്ട്രേലിയ 263നു പുറത്ത്. മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റ്.
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഇന്ത്യക്കു സ്വന്തം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 263 റണ്‍സിന് ഇന്ത്യ പുറത്താക്കി. മറുപടിക്ക് ക്രീസിലെത്തിയ ഇന്ത്യ, ആദ്യദിനം അവസാനിക്കുന്പോൾ ഒന്‍പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ്. തമ്മിൽ ഭേദം നാഗ്പുർ ടെസ്റ്റിനെ അപേക്ഷിച്ച് ഓസ്ട്രേലിയയുടെ ഭേദപ്പെട്ട പ്രകടനമായിരുന്നു ഡൽഹിയിൽ കണ്ടത്. ഓപ്പണർ ഉസ്മാൻ ഖ്വാജയും (81), ആറാം നന്പറായി ക്രീസിലെത്തിയ പീറ്റർ ഹാൻസ്കോന്പും (72 നോട്ടൗട്ട്) ഓസീസിനായി അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ പാറ്റ്കമ്മിൻസും (33) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അശ്വിന്റെ ഇരട്ടപ്രഹരം ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും അപകടകാരി ആർ. അശ്വിനായിരുന്നു. ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ മാർനസ് ലബൂഷെയ്നെയും (18) രണ്ടാം സ്ഥാനക്കാരനായ സ്റ്റീവ് സ്മത്തിനെയും (0) രണ്ട് പന്തിന്റെ ഇടവേളയിൽ ഒരു ഓവറിൽ പുറത്താക്കി അശ്വിൻ ഓസീസിന്റെ കൂറ്റൻ സ്കോർ എന്ന മോഹം തല്ലിക്കെടുത്തി. ഐസിസി ലോക രണ്ടാം നന്പർ ബൗളറാണ് അശ്വിൻ.
പേസർ മുഹമ്മദ് ഷമി 60 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഡൽഹി ടെസ്റ്റിലും സ്പിൻ ഓൾ റൗണ്ടർ അക്സർ പട്ടേലിനു പന്തുകൊണ്ടു തിളങ്ങാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയം. ടെസ്റ്റിൽ ജഡേജ 250 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കി.
Source link