വനിതാ പ്രീമിയർ ലീഗിലെ മലയാളിത്തിളക്കം “മിന്നു മണി’

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിലെ മലയാളിത്തിളക്കമാണു മിന്നു മണി. താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കു ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയ മിന്നു വയനാട് എടപ്പാടി സ്വദേശിയാണ്. വനിതാ പ്രീമിയർ ലീഗിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരംകൂടിയാണ് ഓൾറൗണ്ടറായ മിന്നു. കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനങ്ങളാണു മിന്നുവിനു പ്രീമിയർ ലീഗിൽ ഇടംനൽകിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ ഡൽഹി ക്യാന്പിൽ ലേലയാത്ര അവസാനിച്ചു. 10 ലക്ഷം രൂപയായിരുന്നു മിന്നുവിന്റെ അടിസ്ഥാന വില. ഓസ്ട്രേലിയൻ സൂപ്പർതാരം മെഗ് ലാനിംഗ്, ഇന്ത്യൻ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വർമ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരുൾപ്പെടുന്ന ടീമാണു ഡൽഹി ക്യാപ്പിറ്റൽസ്. മാനന്തവാടി ജിവിഎച്ച്എസ്എസിൽ എട്ടിൽ പഠിക്കുന്പോൾ കായിക അധ്യാപിക കെ.എം. എത്സമ്മയാണു മിന്നുവിലെ കായികതാരത്തെ കണ്ടെത്തിയത്. മികവു തെളിയിച്ചതോടെ വളർച്ചയുടെ വഴിയേയായി യാത്ര. കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ എ ടീമിലെത്തുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള മിന്നു മണി, കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ, യൂത്ത് പ്ലെയർ ഓഫ് ദി ഇയർ, പ്രോമിസിംഗ് പ്ലെയർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാന്പ്യന്മാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു മിന്നു. ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലും മിന്നു സാന്നിധ്യമായി. മാനന്തവാടി ഒണ്ടയങ്ങാടി മണി-വസന്ത ദന്പതികളുടെ മകളാണു മിന്നു. പിതാവ് മണി കൂലിപ്പണിക്കാരനാണ്. ഹൈദരാബാദിൽ നടക്കുന്ന സീനിയർ വനിത ഇന്റർസോണ്‍ ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണമേഖലാ ടീമംഗമാണു മിന്നു. മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണു മിന്നുവിനെ ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗത്ത് സോണിനെ വിജയത്തിലേക്കു നയിച്ചതു മിന്നുവിന്റെ പ്രകടനമാണ്. വെസ്റ്റ് സോണിനെതിരേ 91 പന്തിൽ പുറത്താവാതെ 74 റണ്‍സ് നേടിയ മിന്നു ഒരു വിക്കറ്റും സ്വന്തമാക്കി.
Source link