ഭുവനേശ്വർ: ആദ്യ പകുതിയിൽ നാലു ഗോൾ വഴങ്ങിയശേഷം തിരിച്ചടിച്ചു സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഉജ്വല തിരിച്ചുവരവ്. ജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ കേരളം മൂന്നു ഗോളിനു പിന്നിൽ നിന്നശേഷം തിരിച്ചടിച്ചു മഹാരാഷ്ട്രയോടു സമനില പിടിച്ചു. ജയത്തോളം പോന്ന സമനില. ഇരു ടീമുകളും നാലു ഗോൾ നേടി. കേരളത്തിനായി വിശാഖ് മോഹനൻ, നിജോ ഗിൽബർട്ട്, അർജുൻ വി, ജോണ് പോൾ ജോസ് എന്നിവർ ഗോളടിച്ചു. മഹാരാഷ്ട്രയ്ക്കുവേണ്ടി സൂഫിയാൻ ഷെയ്ഖ് ഇരട്ട ഗോൾ നേടി. ഹിമാൻഷു പാട്ടീൽ, സുമിത് ഭണ്ഡാരി എന്നിവർ ഓരോ ഗോൾവീതം സ്വന്തമാക്കി. സ്വപ്നത്തുടക്കം മഹാരാഷ്ട്രയ്ക്കു മത്സരത്തിൽ സ്വപ്നതുല്യ തുടക്കമാണു ലഭിച്ചത്. 17-ാം മിനിറ്റിൽത്തന്നെ മഹാരാഷ്ട്ര മുന്നിലെത്തി. കേരളത്തിന്റെ പ്രതിരോധനിരയുടെ പിഴവു മുതലെടുത്ത് സൂഫിയാൻ ഷെയ്ഖ് ഗോളടിക്കുകയായിരുന്നു. മൂന്നു മിനിറ്റിനുശേഷം ഹിമാൻഷു പാട്ടീലിലൂടെ മഹാരാഷ്ട്ര ലീഡുയർത്തി. സൂഫിയാൻ ഷെയ്ഖാണു ഗോളിനു വഴിയൊരുക്കിയത്. 35-ാം മിനിറ്റിൽ കേരളത്തെ മഹാരാഷ്ട്ര വീണ്ടും ഞെട്ടിച്ചു. സുമിത് രാജേന്ദ്ര സിംഗിന്റെ തകർപ്പൻ ഫിനിഷോടെ മഹാരാഷ്ട്ര കേരളത്തെ മൂന്നു ഗോളിനു പിന്നിലാക്കി. തൊട്ടുപിന്നാലെ കേരളം തിരിച്ചടിച്ചു. വിശാഖ് മോഹനനാണു കേരളത്തിന്റെ കടം രണ്ടാക്കി കുറച്ചത്. മുഹമ്മദ് സലിമിന്റെ പാസിൽനിന്നായിരുന്നു വിശാഖിന്റെ ഗോൾ. പക്ഷേ, കേരളത്തിന് ആഹ്ളാദിക്കാൻ അധികം സമയം നൽകാതെ 42-ാം മിനിറ്റിൽ സൂഫിയാൻ വീണ്ടും മഹാരാഷ്ട്രയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി മഹാരാഷ്ട്ര-4, കേരളം-1 എന്ന നിലയിൽ. തിരിച്ചടി രണ്ടാം പകുതിയിൽ കേരളം ജീവന്മരണപ്പോരാട്ടമാണു പുറത്തെടുത്തത്. ഇതിന്റെ ഫലവും ലഭിച്ചു. 65-ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത നിജോ ഗിൽബർട്ടിനു പിഴച്ചില്ല. കേരളത്തിന്റെ രണ്ടാം ഗോൾ.
71-ാം മിനിറ്റിൽ പകരക്കാരനായി വന്ന അർജുൻ ഒരു തകർപ്പൻ ഗ്രൗണ്ടറിലൂടെ കേരളത്തിന്റെ മൂന്നാം ഗോൾ നേടി. ഒടുവിൽ 77-ാം മിനിറ്റിൽ കേരളം സമനില പിടിച്ചു. ഇത്തവണയും പകരക്കാരന്റെ വകയായിരുന്നു ഗോൾ. നിജോ ഗിൽബർട്ടിന്റെ പാസിൽനിന്നു ജോണ് പോൾ ജോസാണു കേരളത്തിനായി വലകുലുക്കിയത്. ഗോൾ ഓഫ്സൈഡാണെന്നു മഹാരാഷ്ട്ര താരങ്ങൾ വാദിച്ചതോടെ മത്സരം 15 മിനിറ്റോളം വൈകി. ഇതിനുശേഷമാണു ഗോൾ അനുവദിച്ചത്. 15 മിനിറ്റ് അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇഞ്ചുറി ടൈമിൽ ജോണ് പോളിനെ വീഴ്ത്തിയതിനു കേരളം പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇതോടെ മത്സരം സമനിലയിലായി. സെമി തുലാസിൽ സമനിലയോടെ മത്സരം അവസാനിപ്പിച്ചെങ്കിലും കേരളത്തിന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലാണ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഗോവയെ കീഴടക്കിയ കേരളം, രണ്ടാം മത്സരത്തിൽ കർണാടകയോടു തോൽവി വഴങ്ങിയിരുന്നു. ആറു ടീമുകളുള്ള ഗ്രൂപ്പിൽ നാലു പോയിന്റുമായി നാലാമതാണു കേരളം. മൂന്നു മത്സരങ്ങളിൽനിന്നു കേരളത്തിനു നാലു പോയിന്റാണുള്ളത്. ഏഴു പോയിന്റുള്ള കർണാടകയും പഞ്ചാബുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പഞ്ചാബും ഒഡീഷയുമാണ് അടുത്ത എതിരാളികൾ. സെമി ഉറപ്പിക്കാൻ ഇനിയുള്ള രണ്ടു മത്സരങ്ങളിൽ കേരളത്തിനു വിജയിക്കണം. ഒപ്പം, മറ്റു മത്സരഫലങ്ങളെ ആശ്രയിക്കുകയും വേണം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു ടീമുകൾക്കാണു സെമി യോഗ്യത.
Source link