കേപ്ടൗൺ (ദക്ഷിണാഫ്രിക്ക): ഐസിസി ട്വന്റി-20 ക്രിക്കറ്റ് വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യമത്സരത്തിൽ ഏഴ് വിക്കറ്റിന് പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചു. സ്കോർ: പാക്കിസ്ഥാൻ 149/4 (20). ഇന്ത്യ 151/3 (19). ഇന്ത്യക്കായി ജെമീമ റോഡ്രിഗസ് 38 പന്തിൽ എട്ട് ഫോറിന്റെ സഹായത്തോടെ 53 റൺസുമായി പുറത്താകാതെ നിന്നു. ഷെഫാലി വർമ (25 പന്തിൽ 33), റിച്ച ഘോഷ് (20 പന്തിൽ 31 നോട്ടൗട്ട് ) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ബിസ്മ മറൂഫ് അർധസെഞ്ചുറി നേടി. അയേഷ നസീമും (43 നോട്ടൗട്ട്) ബിസ്മ മറൂഫും (68 നോട്ടൗട്ട്) ചേർന്ന് അഞ്ചാം വിക്കറ്റിൽ 81 റണ്‍സ് അടിച്ചെടുത്തു. 25 പന്തിൽ രണ്ട് സിക്സും രണ്ടു ഫോറും അടക്കമാണ് അയേഷ നസീം 43 റണ്‍സ് നേടിയത്. 55 പന്തിൽ ഏഴു ഫോറിന്റെ സഹായത്തോടെയായിരുന്നു ബിസ്മയുടെ ഇന്നിംഗ്സ്. ഇന്ത്യക്കായി രാധ യാദവ് നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
Source link