നാഗ്പുർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സിനും 132 റണ്‍സിനും ജയം

നാഗ്പുർ: സ്പിൻ പൂരത്തിൽ ഇന്ത്യൻ ജയം. നാഗ്പുരിൽ നടന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സിന്റെയും 132 റണ്‍സിന്റെയും കൂറ്റൻ ജയം. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ വെറും 91 റണ്‍സിനു ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏകപക്ഷീയ ജയം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ 177, 91. ഇന്ത്യ 400. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 70 റണ്‍സ് നേടുകയും ചെയ്ത ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്. രണ്ടാം ഇന്നിംഗ്സിൽ ആർ. അശ്വിൻ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഈ ജയത്തോടെ നാല് മത്സര പരന്പരയിൽ ഇന്ത്യ 1-0ന്റെ ലീഡ് നേടി. രണ്ടാം ടെസ്റ്റ് 17 മുതൽ ഡൽഹിയിൽ അരങ്ങേറും. കറക്കി വീഴ്ത്തി മൂന്നു ദിവത്തിനുള്ളിൽ രണ്ടു തവണ ഓസ്ട്രേലിയ വീണതും സ്പിൻ ബൗളിംഗിനു മുന്നിൽ. ഓസ്ട്രേലിയയുടെ 20 വിക്കറ്റ് നിലംപൊത്തിയതിൽ 16ഉം സ്പിന്നർമാരാണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ആർ. അശ്വിൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി. രണ്ട് ഇന്നിംഗ്സിലുമായി 96.2 ഓവർ മാത്രമേ ഓസ്ട്രേലിയ ക്രീസിലുണ്ടായിരുന്നുള്ളൂ. മൂന്നാംദിനം ജയം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 321 റണ്‍സ് എന്ന നിലയിൽ മൂന്നാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയ ഇന്ത്യക്കുവേണ്ടി വാലറ്റത്ത് മുഹമ്മദ് ഷമി കത്തിക്കയറി. 47 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം ഷമി 37 റണ്‍സ് അടിച്ചൂകൂട്ടി. അതോടെ ഇന്ത്യ 400 റണ്‍സിൽ എത്തി. രവീന്ദ്ര ജഡേജ 70ഉം അക്സർ പട്ടേൽ 84ഉം റണ്‍സ് നേടിയശേഷമാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റക്കാരൻ ടോഡ് മർഫി 124 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കി.
223 റണ്‍സിന്റെ കടവുമായാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയത്. 25 റണ്‍സുമായി പുറത്താകാതെനിന്ന സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ 49 റണ്‍സ് നേടിയ മാർനസ് ലബൂഷെയ്നാണ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ (120) സെഞ്ചുറി നേടിയിരുന്നു. അശ്വിൻ റിക്കാർഡ് 12 ഓവറിൽ 37 റണ്‍സ് വഴങ്ങിയാണ് ആർ. അശ്വിൻ ഓസ്ട്രേലിയൻ രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് പിഴുതത്. ഇതോടെ ഇന്ത്യയിൽ അശ്വിൻ 25 അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഹോം ഗ്രൗണ്ടിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് പ്രകടനം എന്ന റിക്കാർഡിൽ അനിൽ കുംബ്ലെയ്ക്കൊപ്പവും അശ്വിൻ എത്തി. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (45), രംഗണ ഹെരാത്ത് (26) എന്നിവരാണ് ഹോം ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ അശ്വിനു മുന്നിലുള്ളത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പുറത്തായ 91, ഇന്ത്യക്കെതിരേ അവരുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ്. 1981ൽ മെൽബണിൽവച്ച് 83 റണ്‍സിനു പുറത്തായതാണ് ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോർ. നാഗ്പുരിലെ 91 റണ്‍സ് ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോറാണ്. നാഗ്പുർ ടെസ്റ്റിൽ ഓസ്ട്രേലിയ രണ്ട് ഇന്നിംഗ്സിലുമായി നേടിയത് 268 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഒരു മത്സരത്തിലെ ഏറ്റവും ചെറിയ സ്കോറാണിത്. 2004ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 296 (203+93) റണ്‍സ് നേടിയതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ.
Source link