രോഹിത് ശർമയ്ക്ക് സെഞ്ചുറി, റിക്കാർഡ്

നാഗ്പുർ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി. 212 പന്തിൽ രണ്ട് സിക്സിന്റെയും 15 ഫോറിന്റെയും സഹായത്തോടെ രോഹിത് ശർമ 120 റണ്‍സ് നേടി. രോഹിത്തിന്റെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറിയാണ്. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റിക്കാർഡ് രോഹിത് ശർമ സ്വന്തമാക്കി. രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 321 റണ്‍സ് എടുത്തിട്ടുണ്ട്, 144 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. സ്കോർ: ഓസ്ട്രേലിയ 177 (63.5), ഇന്ത്യ 321/7 (114). രവീന്ദ്ര ജഡേജയും (66), അക്സർ പട്ടേലുമാണ് (52) ക്രീസിൽ. ജഡേജ റിക്കാർഡിൽ രോഹിത് ശർമയ്ക്കൊപ്പം രവീന്ദ്ര ജഡേജയും റിക്കാർഡ് കുറിച്ചു. ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ, 170 പന്ത് നേരിട്ട് 66 റണ്‍സുമായി ക്രീസിൽ തുടരുന്നു. ടെസ്റ്റിൽ ഇത് ആറാം തവണയാണ് ജഡേജ അഞ്ച് വിക്കറ്റും അർധസെഞ്ചുറിയും നേടുന്നത്. ഇന്ത്യക്കായി ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ചതിൽ ആർ. അശ്വിനൊപ്പം റിക്കാർഡ് പങ്കിടുകയാണ് ജഡേജ. ഇംഗ്ലീഷ് മുൻ താരം ഇയാൻ ബോതവും (11) ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസനും (10) മാത്രമാണു ജഡേജയ്ക്കും അശ്വിനും മുന്നിലുള്ളത്. കപിൽ ദേവാണ് (4) ഈ നേട്ടത്തിൽ ജഡേജയ്ക്കും അശ്വിനും പിന്നിലുള്ള ഇന്ത്യൻ താരം. ഓൾ റൗണ്ടർമാരായ ജഡേജയും അക്സർ പട്ടേലും ചേർന്ന് എട്ടാം വിക്കറ്റിൽ പുറത്താകാതെ 81 റണ്‍സ് നേടിയിട്ടുണ്ട്.
മർഫി തകർത്തു ഓസീസ് സ്പിന്നർ ടോഡ് മർഫി അരങ്ങേറ്റം തകർത്തു. അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ മർഫി പിഴുതു. കെ.എൽ. രാഹുൽ (20), ആർ. അശ്വിൻ (23), ചേതേശ്വർ പൂജാര (7), വിരാട് കോഹ്ലി (12), കെ.എസ്. ഭരത് (8) എന്നിവരുടെ വിക്കറ്റുകളാണ് മർഫി വീഴ്ത്തിയത്. സൂര്യകുമാർ യാദവിനെ (8) നഥാൻ ലിയോണും രോഹിത്തിനെ പാറ്റ് കമ്മിൻസും പുറത്താക്കി. ഇന്ത്യയിൽ അരങ്ങേറ്റം നടത്തുന്ന വിദേശ സ്പിൻ ബൗളർ അഞ്ചോ അതിൽ അധികമോ വിക്കറ്റ് വീഴ്ത്തുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രം. 2008ൽ ഓസ്ട്രേലിയയുടെ ജാസണ്‍ ക്രേസയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. നാഗ്പുരിലായിരുന്നു ജാസണിന്റെ എട്ട് വിക്കറ്റ് പ്രകടനം. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനായി സെഞ്ചുറി തികയ്ക്കുന്ന നാലാമത് പുരുഷബാറ്റർ എന്ന നേട്ടം ഇന്ത്യയുടെ രോഹിത് ശർമ സ്വന്തമാക്കി. ക്യാപ്റ്റനായി ഏകദിനത്തിൽ മൂന്നും ട്വന്റി-20യിൽ രണ്ടും സെഞ്ചുറി രോഹിത്തിനുണ്ട്. ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി, പാക്കിസ്ഥാന്റെ ബാബർ അസം എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത് ശർമ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റിൽ നേടുന്ന ആദ്യസെഞ്ചുറിയാണ്. 35 വയസും 286 ദിനവും പ്രായമുള്ളപ്പോഴാണ് രോഹിത് ഈ സെഞ്ചുറിയിലെത്തിയതെന്നതാണു ശ്രദ്ധേയം. സുനിൽ ഗാവസ്കറിനുശേഷം ഓസീസിനെതിരേ 35-ാം വയസിൽ സെഞ്ചുറി നേടുന്ന രണ്ടാമത് ഇന്ത്യൻ ഓപ്പണറാണ് രോഹിത്.
Source link