നാഗ്പുർ: ‘തിരുന്പിവന്തിട്ടേൻ എന്നു സൊൽ…’ എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ മാസ്മരികപ്രകടനം. പരിക്കും ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞു തിരിച്ചെത്തിയ ആദ്യമത്സരത്തിൽത്തന്നെ ജഡ്ഡു എന്നുവിളിക്കപ്പെടുന്ന രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് പ്രകടനവുമായി കളം നിറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ മികവിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 177ൽ അവസാനിച്ചു. മറുപടിക്ക് ക്രീസിലെത്തിയ ഇന്ത്യ ഒന്നാംദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റണ്‍സ് എന്ന നിലയിലാണ്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (56) നൈറ്റ് വാച്ചറായെത്തിയ ആർ. അശ്വിനുമാണ് (0) ക്രീസിൽ. കെ.എൽ. രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. സർ ജഡേജ 2022 ഓഗസ്റ്റിനുശേഷം ജഡേജ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ മത്സരമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ്. ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണർ (1), ഉസ്മാൻ ഖ്വാജ (1) എന്നിവരെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പുറത്താക്കിയശേഷം കളിയുടെ നിയന്ത്രണം പൂർണമായി ജഡേജയും ആർ. അശ്വിനും ഏറ്റെടുത്തു. മാർനസ് ലബൂഷെയ്ൻ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവരെ പുറത്താക്കി ജഡേജയാണ് ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാക്കിയത്. മൂന്നാം വിക്കറ്റിൽ ലബൂഷെയ്ൻ-സ്മിത്ത് കൂട്ടുകെട്ട് 82 റണ്‍സ് നേടിയിരുന്നു. ലബൂഷെയ്നെ വിക്കറ്റിനു പിന്നിൽ കെ.എസ്. ഭരത്തിന്റെ കൈകളിലെത്തിയ ജഡേജ തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷൊയെ ഗോൾഡൻ ഡെക്കാക്കി.
വണ്ടർ ബോൾ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ജഡേജയുടെ അതിമനോഹരമായ പന്താണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. നോബോളിനുശേഷം എറിഞ്ഞ എക്സ്ട്രാ ബോളിൽ സ്മിത്തിന്റെ വിക്കറ്റ് ജഡേജ പിഴുതു. പന്ത് പൂർണമായി പ്രതിരോധിക്കാൻ സ്മിത്ത് ശ്രമിച്ചെങ്കിലും വിക്കറ്റ് തെറിച്ചു. അദ്ഭുതത്തോടെ അല്പനേരം ക്രീസിൽനിന്ന ശേഷമാണ് സ്മിത്ത് ഗ്രൗണ്ട് വിട്ടത്. പീറ്റർ ഹാൻഡ്സ്കോന്പ് (31), അലക്സ് കാരെ (36) എന്നിവർ മാത്രമാണ് ഓസീസ് ഇന്നിംഗ്സിൽ രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ഇന്ത്യക്കായി ജഡേജ 22 ഓവറിൽ 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആർ. അശ്വിൻ 42 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ.എസ്. ഭരതും ബാറ്റർ സൂര്യകുമാർ യാദവും ടെസ്റ്റിൽ അരങ്ങേറി. പന്തിൽ കൃത്രിമം? ഇന്ത്യൻ താരം രവീന്ദ്ര ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ രംഗത്ത്. ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം മൈക്കിൾ വോണും, രവീന്ദ്ര ജഡേജ കൃത്രിമം കാണിച്ചെന്നു ട്വീറ്റ് ചെയ്തു. രവീന്ദ്ര ജഡേജ ബൗൾ ചെയ്യുന്നതിനു മുന്‍പ് സഹതാരം മുഹമ്മദ് സിറാജിന്റെ കൈയിൽനിന്ന് എന്തോ ഒരു വസ്തു കൈയിൽ തേച്ചുപിടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്പിൻ ചെയ്യിക്കുന്ന വിരലിലാണ് ജഡേജ എന്തോ പുരട്ടുന്നത്. അതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമല്ല.
Source link