നാഗ്പുർ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ പൊടിപൂരത്തിന് ഇന്നു തിരികൊളുത്തും. ക്രിക്കറ്റ് ലോകത്തിലെ അനിഷേധ്യ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സര ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരം നാഗ്പുരിൽ ഇന്നു തുടങ്ങും. ആഷസിനു മുകളിലാണ് ഓസ്ട്രേലിയൻ താരങ്ങളെ സംബന്ധിച്ച് ഇന്ത്യൻ പര്യടനം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസീസ് ടീം അംഗങ്ങളും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നുമുതൽ യഥാർഥ ക്രിക്കറ്റിന്റെ പരീക്ഷാദിനങ്ങൾ. 1998 പര്യടനത്തിൽ ഷെയ്ൻ വോണിന്റെ ദുഃസ്വപ്നമായി സച്ചിൻ തെണ്ടുൽക്കർ മാറിയതും കോൽക്കത്തയിൽ രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും മതിൽ തീർത്തതുമെല്ലാം ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആവേശ ഓർമകളാണ്. ലോക ടെസ്റ്റ് ഫൈനൽ ടിക്കറ്റ് ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ ഇന്ത്യക്ക് ഈ പരന്പര ചുരുങ്ങിയത് 3-1നെങ്കിലും സ്വന്തമാക്കണം. അല്ലാത്ത പക്ഷം മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രവേശം സാധ്യമാകുക. നിലവിൽ ഓസ്ട്രേലിയയും ഇന്ത്യയുമാണ് പോയിന്റ് ടേബിളിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ജൂണ്‍ ഏഴു മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. ജൂണ്‍ 12 റിസർവ് ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ കീഴടക്കി ന്യൂസിലൻഡായിരുന്നു കന്നി ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ടീം വാർത്ത പരിക്കും ശസ്ത്രക്രിയയ്ക്കുംശേഷം രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന പരന്പരയാണിത്. പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കാൻ ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരിൽ ആര് ഇടംപിടിക്കും എന്നതും സുപ്രധാന ചോദ്യമാണ്.
Source link