കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ജയം മാത്രം. നിര്‍ണായകമത്സരത്തില്‍ ചെന്നൈയിൻ എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30 ന് സ്വന്തം തട്ടകമായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വലിയ പ്രയാസമില്ലാതെ മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫ് കളിക്കാം. മറിച്ച് തോല്‍വിയാണെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാവും. അവസാനം കളിച്ച അഞ്ചെണ്ണത്തിൽ മൂന്നു തോല്‍വി ഏറ്റുവാങ്ങിയതാണ് ടീമിന് വിനയായത്. അതുകൊണ്ടുതന്നെ വിജയവഴിയിലേക്കു മടങ്ങിയെത്താനുള്ള കഠിനശ്രമത്തിലാണ് ടീം. പ്രതിരോധനിരയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന മാര്‍ക്കൊ ലെസ്കോവിച്ചും സന്ദീപ് സിംഗും പരിക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. ഇതില്‍ സന്ദീപിന് ഇനി ഈ സീസണില്‍ കളിക്കാന്‍ സാധിക്കുകയുമില്ല. കളി മെനയുന്ന അഡ്രിയാന്‍ ലൂണയിലും ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഗോളടിമികവിലുമാണ് പ്രതീക്ഷ.
മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ഘട്ടത്തിലാണ് ചെന്നൈയിൻ. ലീഗില്‍ 16 കളിയില്‍ നിന്ന് 18 പോയിന്റ് മാത്രമാണ് സമ്പാദ്യം. ജയിക്കാനായതു വെറും നാലു കളികളില്‍ മാത്രം. ഇരുടീമുകളും ലീഗിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. അവസാന ഏഴുകളികളില്‍ ചെന്നൈയിന് എഫ്സിക്ക് ഒരു ജയം പോലുമില്ല. എങ്കിലും കൊന്പന്മാരെ മുട്ടുകുത്തിക്കുക തന്നെയാകും അവരുടെ ലക്ഷ്യം.
Source link