കോൽക്കത്ത: ഐഎസ്എൽ ഫുട്ബോൾ 2022-23 സീസണ് 16-ാം റൗണ്ട് പോരാട്ടത്തിനായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കോൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. സീസണ് ഉദ്ഘാടന പോരാട്ടത്തിൽ കൊച്ചിയിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിരുന്നു. സീസണ് ഡബിൾ തികയ്ക്കാനാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം സാൾട്ട് ലേക്കിൽ ഇറങ്ങുക. തുടർച്ചയായ രണ്ട് തോൽവിക്കുശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ജയം നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്. എഫ്സി ഗോവയ്ക്കെതിരേ പരാജയപ്പെട്ട ടീമിൽ ആറ് മാറ്റങ്ങളുമായി ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ വുകോമനോവിച്ച് ഇറക്കിയതെന്നതും ശ്രദ്ധേയം. അതോടെ ബ്രൈസ് മിറാൻഡ, ഗോളി കരണ്‍ജീത് സിംഗ് എന്നിവർക്ക് ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംലഭിച്ചു. ഐഎസ്എല്ലിൽ കരണ്‍ജീതിന്റെ 50-ാം മത്സരമായിരുന്നു നോർത്ത് ഈസ്റ്റിന് എതിരായത്. നോർത്ത് ഈസ്റ്റിന് എതിരേ ജയിച്ച സ്റ്റാർട്ടിംഗ് ഇലവനിൽ വുകോമനോവിച്ച് ഇന്ന് മാറ്റംവരുത്തുമോ എന്ന് കണ്ടറിയാം.
ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഒന്പതാമതും. ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയും ചെന്നൈയിൻ എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു. ഒഡീഷ (23 പോയിന്റ്) ആറാമതും ചെന്നൈയിൻ (18 പോയിന്റ്) എട്ടാമതുമാണ്.
Source link