ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 ക്രിക്കറ്റ് ഇന്ന് അഹമ്മദാബാദിൽ
അഹമ്മദാബാദ്: ഇന്ത്യ x ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ. രാത്രി ഏഴ് മുതലാണ് മത്സരം. മൂന്ന് മത്സര പരന്പര 1-1 സമനിലയിലാണ്. ഇന്ന് ജയിക്കുന്ന ടീം ട്രോഫി സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഫൈനൽ സമാനമായ പോരാട്ടമാണ് ഇന്ന് അരങ്ങേറുക. കിവീസ് ചരിത്രം കുറിക്കുമോ? ഇന്ത്യയിൽ ഇതുവരെ ഒരു പരന്പര സ്വന്തമാക്കാൻ ന്യൂസിലൻഡിന് സാധിച്ചിട്ടില്ല. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ന്യൂസിലൻഡിന് ഇതുവരെ ഇന്ത്യയിൽ പരന്പര നേട്ടം ഇല്ല. ഈ ചരിത്രം തിരുത്താൻ മിച്ചൽ സാന്റ്നറിനും സംഘത്തിനും സാധിക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്. 2012ൽ ട്വന്റി-20 പരന്പര 1-1 സമനിലയിൽ കലാശിച്ചത് മാത്രമാണ് ന്യൂസിലൻഡിന്റെ ഇന്ത്യൻ മണ്ണിലെ ഇതുവരെയുള്ള ഏക നേട്ടം. കഴിഞ്ഞ 10 വർഷത്തിനിടെ 55 പരന്പരകൾ ഇന്ത്യ സ്വന്തം മണ്ണിൽ കളിച്ചു. അതിൽ 47 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. ഇക്കാലയളവിൽ ഓസ്ട്രേലിയയും (2019) ദക്ഷിണാഫ്രിക്കയും (2015) മാത്രമാണ് ഇന്ത്യൻ മണ്ണിൽ പരന്പര നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
റണ്ണൊഴുകും പിച്ച് ദുരന്തം നിറഞ്ഞ രണ്ട് പിച്ചുകളിലായിരുന്നു ഇന്ത്യ x ന്യൂസിലൻഡ് ട്വന്റി-20 പരന്പര ഇതുവരെ നടന്നത്. റാഞ്ചിയിലെ പിച്ച് ഇന്ത്യയെ വിഷമിപ്പിച്ചപ്പോൾ ലക്നോവിലേത് വൻ ദുരന്തമായിരുന്നു. ഒരു സിക്സ് പോലും പിറക്കാതിരുന്ന മത്സരമായിരുന്നു ലക്നോവിലെ രണ്ടാം ട്വന്റി-20. ലക്നോ ക്യൂറേറ്ററിന്റെ പണിയും പിന്നാലെ തെറിച്ചു. അഹമ്മദാബാദ് നവീകരിച്ച സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് മത്സര ട്വന്റി-20 പരന്പര അരങ്ങേറിയിരുന്നു. 2021 മാർച്ചിൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരന്പര ഇന്ത്യ 3-2ന് സ്വന്തമാക്കി. സ്പിന്നിനെ അപേക്ഷിച്ച് പേസിന് കൂടുതൽ പിന്തുണ നൽകുന്നതാണ് അഹമ്മദാബാദിന്റെ ചരിത്രം. അതുകൊണ്ടുതന്നെ യുസ് വേന്ദ്ര ചാഹലിനു പകരം ഉമ്രാൻ മാലിക്ക് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും.
Source link