‘സത്യം പറഞ്ഞാൽ ശരിക്കും ഞെട്ടിച്ചുകളഞ്ഞ പിച്ചായിരുന്നു. ഞങ്ങൾ കളിച്ച രണ്ട് മത്സരങ്ങളിലെ പിച്ചും ഞെട്ടിച്ചു. വിഷമകരമായ പിച്ചുകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇത്തരം വിക്കറ്റുകൾ ട്വന്റി-20 ക്രിക്കറ്റിനു പറ്റിയതല്ല’: ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ വാക്കുകളാണിത്. ലക്നോവിലെ രണ്ടാം ട്വന്റി-20യിൽ ഒരു പന്ത് മാത്രം ബാക്കിനിൽക്കേ 100 റണ്സ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്നു ജയിച്ചശേഷമാണ് ഹാർദിക് ഇങ്ങനെ പറഞ്ഞത്. ‘വിവിധതരത്തിലുള്ള പിച്ചുകൾ കണ്ടിട്ടുണ്ട്, ഇതുപോലെ ഒരെണ്ണം ഇതാദ്യം. ഇത്തരം വ്യത്യസ്തമായ പിച്ചിൽ കളിക്കുന്നത് രസകരമാണ്. എന്നാൽ, മുഴുവൻ സമയവും ഫ്ളാറ്റ് ആയിരിക്കുന്ന പിച്ചിൽ നിങ്ങൾക്ക് കഴിവുകൾ പുറത്തെടുക്കാൻ സാധിക്കില്ല’- ഈ വാക്കുകൾ ന്യൂസിലൻഡ് സ്പിന്നർ മൈക്കൽ ബ്രെയ്സ്വെല്ലിന്റേത്. ന്യൂസിലൻഡ് ക്യാപ്റ്റനും സ്പിന്നറുമായ മിച്ചൽ സാന്റ്നറിന്റെ വാക്കുകളാണ് ഏറെ രസകരം: ‘ടീമിൽ സ്പിൻ ബോൾ എറിയുന്ന ആരൊക്കെയുണ്ടെന്നായിരുന്നു മത്സരത്തിനിടെ ഞങ്ങളുടെ അന്വേഷണം’. അതെ, ലക്നോ ട്വന്റി-20യിൽ ഔദ്യോഗിക സ്പിന്നർമാരായ ബ്രെയ്സ് വെല്ലിനും സാന്റ്നറിനും ഇഷ് സോധിക്കും പുറമേ ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ എന്നിവരും പന്തെറിയാനെത്തി. 30 ഓവർ സ്പിൻ ട്വന്റി-20 മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലുമായി ആകെയുള്ളത് 40 ഓവർ, അതിൽ 30 ഓവറും സ്പിന്നർമാരാണ് ലക്നോവിൽ എറിഞ്ഞത്. ഐസിസി ഫുൾ അംഗത്വമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയും ഓവർ സ്പിന്നർമാർ എറിയുന്നത് ഇതാദ്യം. 30 ഓവർ സ്പിന്നർമാർ എറിഞ്ഞതിലൂടെ റിക്കാർഡ് കുറിച്ച മത്സരവുമായി ലക്നോവിലേത്. 2011ൽ മിർപുരിൽ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിൽ 28 ഓവർ സ്പിന്നർമാർ എറിഞ്ഞതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. പാക്കിസ്ഥാനു ബംഗ്ലാദേശും തമ്മിലുള്ള അന്നത്തെ മത്സരത്തിൽ മൂന്ന് സിക്സർ പറന്നെങ്കിൽ ഒരു സിക്സർ പോലും പിറക്കാത്ത മത്സരമായിരുന്നു ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലക്നോവിൽ അരങ്ങേറിയത് എന്നതും ചരിത്രം.
ഇനി അഹമ്മദാബാദ് എന്റർടെയ്മെന്റ് വർധിപ്പിക്കാനാണ് ട്വന്റി-20 ക്രിക്കറ്റ് പിറവിയെടുത്തത്. സിക്സും ഫോറും പറത്തി ആരാധകരെ ആവേശത്തിലാക്കുന്നതായിരിക്കണം ട്വന്റി-20 പോരാട്ടങ്ങൾ. ഒപ്പം വിക്കറ്റും വീഴണം. റാഞ്ചിയിൽ നടന്ന ആദ്യ ട്വന്റി-20യിലും ഇന്ത്യക്ക് മനസിലാക്കാൻ സാധിക്കാത്ത വിക്കറ്റായിരുന്നു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ വരുതിയിലായിരുന്നില്ല കാര്യങ്ങൾ. രണ്ടാം ഇന്നിംഗ്സ് ആയപ്പോഴേക്കും പിച്ച് സ്വഭാവം മാറിയതോടെ ഇന്ത്യ 21 റണ്സ് തോൽവിയിലേക്കും വീണു. നാളെ അഹമ്മദാബാദിലാണ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 പോരാട്ടം. പരന്പര ആർക്കെന്ന് തീരുമാനിക്കുന്ന മത്സരമാണ് അഹമ്മദാബാദിൽ അരങ്ങേറുക. അഹമ്മദാബാദ് മൈതാനം നവീകരിച്ചശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് മത്സര ട്വന്റി-20 പരന്പര അരങ്ങേറിയിരുന്നു. 2021 മാർച്ചിൽ നടന്ന ആ പരന്പര ഇന്ത്യ 3-2നു സ്വന്തമാക്കി.
Source link