കന്നിക്കൗമാരം; അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്

പോചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): പ്രഥമ ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയാണ് ഇന്ത്യൻ പെണ്‍കൊടികൾ ലോകത്തിന്റെ നെറുകയിലെത്തിയത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അതും 36 പന്ത് ബാക്കിനിൽക്കേ. സ്കോർ: ഇംഗ്ലണ്ട് 68 (17.1), ഇന്ത്യ 69/3 (14). ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. തുടക്കം മുതൽ ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പതറിയ ഇംഗ്ലണ്ട്, 10 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 39 എന്ന ദയനീയ നിലയിലായിരുന്നു. 17.1 ഓവറിൽ 68 റണ്‍സിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അവസാനിച്ചു. 19 റണ്‍സ് നേടിയ റെന മക്ഡൊണാൾഡ് ഗെ ആയിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യക്കായി ടിറ്റസ് സന്ധു നാല് ഓവറിൽ ആറ് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അർച്ചന ദേവി, പർഷമി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
69 റണ്‍സ് എന്ന ലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യക്ക് ക്യാപ്റ്റൻ ഷെഫാലി വർമ (15), ശ്വേത സെഹ്റാവത്ത് (5), ഗൊൻഗാഡി ത്രിഷ (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. സൗമ്യ തിവാരി (24) പുറത്താകാതെനിന്നു. സെമിയിൽ ന്യൂസിലൻഡിനെ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. ഓസ്ട്രേലിയയെ മൂന്ന് റണ്‍സിനു തോൽപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. ഇന്ത്യയുടെ ടിറ്റസ് സന്ധുവാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ ഗ്രേസ് സ്ക്രിവെൻസ് (293 റണ്‍സും ഒന്‍പത് വിക്കറ്റും) ആണ് ലോകകപ്പിന്റെ താരം.
Source link