അണ്ടർ 19 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും
പോചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): പ്രഥമ ഐസിസി അണ്ടർ 19 വനിതാ ലോകകപ്പ് കിരീടത്തിനായി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 5.15നാണ് മത്സരം. രണ്ടാഴ്ചയിലധികം നീണ്ട പോരാട്ടത്തിൽ 16 ടീമുകളായിരുന്നു മാറ്റുരച്ചത്. പ്രഥമ ലോകകപ്പിൽത്തന്നെ ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്കു സാധിച്ചെന്നത് വനിതാ ടീമിന്റെ കൗമാരകരുത്ത് വിളിച്ചോതുന്നു. സെമിയിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ന്യൂസിലൻഡ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് നേടി. 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 110 റണ്‍സ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി. ക്യാപ്റ്റൻ ഷെഫാലി വർമ (10), സൗമ്യ തിവാരി (22) എന്നിവരുടെ വിക്കറ്റ് മാത്രമായിരുന്നു ഇന്ത്യക്ക് നഷ്ടപ്പെട്ടത്. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ പർഷവി ചോപ്രയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
സെമിയിൽ ഓസ്ട്രേലിയയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മൂന്ന് റണ്‍സിനു തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.5 ഓവറിൽ 99 റണ്‍സിനു പുറത്തായി. തുടർന്ന് ഓസ്ട്രേലിയയെ 18.4 ഓവറിൽ 96 റണ്‍സിനു പുറത്താക്കി ഇംഗ്ലണ്ട് ത്രില്ലിംഗ് ജയം സ്വന്തമാക്കുകയായിരുന്നു.
Source link