ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം അരിന സബലെങ്കയ്ക്ക്

മെൽബണ്‍: നിലവിലെ വിംബിൾഡണ്‍ ചാന്പ്യനായ എലെന റബാകിനയെ കീഴടക്കി 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം “ടൈഗർ’’ സബലെങ്ക സ്വന്തമാക്കി. ആദ്യസെറ്റ് കൈവിട്ടശേഷമായിരുന്നു അരിന സബലെങ്കയുടെ തിരിച്ചുവരവ് ജയം. 24കാരിയായ സബലെങ്കയുടെ കന്നി ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണ്. വനിതാ ഡബിൾസിൽ 2021 ഓസ്ട്രേലിയൻ ഓപ്പണ്‍, 2019 യുഎസ് ഓപ്പണ്‍ എന്നിങ്ങനെ രണ്ട് ഗ്രാൻസ്ലാം കിരീടങ്ങൾ സബലെങ്ക സ്വന്തമാക്കിയിട്ടുണ്ട്. 22-ാം സീഡും 2022 വിംബിൾഡണ്‍ ചാന്പ്യനുമായ കസാക്കിസ്ഥാന്റെ എലെന റബാകിനയെ 4-6, 6-3, 6-4നാണ് അഞ്ചാം സീഡായ സബലെങ്ക ഫൈനലിൽ കീഴടക്കിയത്. ആദ്യഗെയിമിലെ രണ്ട് സർവീസും നെറ്റിൽ ഇടിച്ചതോടെ ഡബിൾ ഫാൾട്ട് പോയിന്റ് വഴങ്ങിയായിരുന്നു സബലെങ്ക മത്സരം ആരംഭിച്ചത്. തുടക്കത്തിലെ പിഴവ് ആദ്യ സെറ്റ് അടിയറവയ്ക്കുന്നതിലേക്കും സബലെങ്കയെ എത്തിച്ചു. എന്നാൽ, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ സബലെങ്ക മത്സരം മൂന്നാം സെറ്റിലേക്കു നീട്ടി. നിർണായകമായ മൂന്നാം സെറ്റിൽ റബാകിനയെ മറികടന്ന് കന്നി ഗ്രാൻസ്ലാം ട്രോഫിയിൽ മുത്തമിടുകയും ചെയ്തു. മൂന്നാം സെറ്റിൽ 2-1നു പിന്നിൽനിന്നെത്തിയാണ് സബലെങ്ക ജയം സ്വന്തമാക്കിയത്. കന്നി ഫൈനൽ സബലെങ്ക ഒരു ഗ്രാൻസ്ലാം സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചത് ഇതാദ്യം. കന്നി ഫൈനലിൽ കിരീടം നേടാൻ സാധിച്ചത് ലോകറാങ്കിംഗിൽ മുന്നേറാനും ഈ സുന്ദരിയെ സഹായിച്ചു. ലോക രണ്ടാം നന്പറിലേക്ക് സബലെങ്ക ഇതോടെയെത്തി. ഗ്രാൻസ്ലാം ഫൈനലുകളിൽ പ്രവേശിച്ചപ്പോഴെല്ലാം ചാന്പ്യനാകാൻ സാധിച്ചു എന്നതും സബലെങ്കയുടെ പ്രത്യേകതയാണ്. വനിതാ ഡബിൾസിൽ ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസിനൊപ്പം 2019 യുഎസ് ഓപ്പണിന്റെയും 2021 ഓസ്ട്രേലിയൻ ഓപ്പണിന്റെയും ഫൈനലുകളിൽ പ്രവേശിച്ചപ്പോഴും ട്രോഫിയുമായാണ് സബലെങ്ക മത്സരം അവസാനിപ്പിച്ചത്.
കടുവ ടാറ്റൂ കണ്ട് അമ്മ പിണങ്ങി… ഇടതുകൈയിൽ ഗർജിക്കുന്ന കടുവയുടെ ചിത്രം പച്ചകുത്തിയതാണ് അരിന സബലെങ്കയുടെ ഏറ്റവും വലിയ പ്രത്യേകത. ടൈഗർ ഇയർ ആയ 1998ലാണ് സബലെങ്ക ജനിച്ചത്. അതുകൊണ്ടാണ് കൈയിൽ കടുവയുടെ ഗർജിക്കുന്ന മുഖം പച്ചകുത്തിയതെന്നാണ് ഈ ബെലാറൂസിയൻ സുന്ദരിയുടെ വെളിപ്പെടുത്തൽ. സ്വയം കാണാനുള്ള പാകത്തിനുള്ള ഈ ടാറ്റൂ, അവസാനംവരെ പൊരുതാനുള്ള ഊർജം തനിക്കു നൽകുന്നു എന്നും സബലെങ്ക പറയുന്നു. “ഞാൻ കടുവയാണെന്നും അവസാനം വരെ പോരാടേണ്ടതുണ്ടെന്നും എന്നെത്തന്നെ ചിലപ്പോൾ ഓർമിപ്പിക്കേണ്ടതുണ്ട്. ഓരോ തവണയും ടാറ്റൂ കാണുന്നത് എന്റെ ഉള്ളിൽ തീപിടിപ്പിക്കും. അങ്ങനെ കാണാൻ പാകത്തിനാണ് ടാറ്റൂ ചെയ്തിരിക്കുന്നത് ”- സബലെങ്ക പറഞ്ഞു. “18-ാം വയസിലാണ് കൈയിലെ ടാറ്റൂ ചെയ്തത്. ടാറ്റൂ ആദ്യം കണ്ടപ്പോൾ അച്ഛൻ നിർത്താതെ ചിരിച്ചു. പക്ഷേ, അമ്മയ്ക്ക് ഒട്ടും രസിച്ചില്ല. അമ്മ ഒരാഴ്ച എന്നോടു മിണ്ടാതെ നടന്നു. പിന്നീട് അമ്മ പറഞ്ഞു, ഇതായിരിക്കണം ആദ്യത്തെയും അവസാനത്തെയും ടാറ്റൂ. എന്റെ മറുപടി ആയിരിക്കാം എന്നായിരുന്നു ”- ചിരിയോടെ സബലെങ്ക ടാറ്റുവിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ, പിന്നീട് ഒരു ടൈഗർ ടാറ്റൂ കൂടി സബലെങ്ക ചെയ്തു. അത് ഇടതു കാൽത്തുടയുടെ മുകളിലായി ആണ്.
Source link