ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ന്യൂസിലൻഡിന് 21 റൺസ് ജയം
റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ന്യൂസിലൻഡിന് 21 റൺസ് ജയം. ഡാരെൽ മിച്ചൽ (59*), ഡിവോൺ കോൺവെ (52) എന്നിവരുടെ അർധസെഞ്ചുറി മികവിൽ ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ഇന്ത്യയുടെ മറുപടി ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 155ൽ അവസാനിച്ചു. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ (50) അർധസെഞ്ചുറി സ്വന്തമാക്കി. ഡാരെൽ മിച്ചലാണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലൻഡ് ഓപ്പണിംഗ് വിക്കറ്റിൽ 4.2 ഓവറിൽ 43 റണ്‍സ് നേടി. 23 പന്തിൽ 35 റണ്‍സ് നേടിയ ഫിൻ അലിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. ഓവറിന്റെ അവസാന പന്തിൽ മാർക് ചാപ്മാനെ (0) ഉജ്വലമായ ഡൈവിംഗ് റിട്ടേണ്‍ ക്യാച്ചിലൂടെയും വാഷിംഗ്ടണ്‍ സുന്ദർ മടക്കി. മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സും (17) ഓപ്പണർ ഡിവോണ്‍ കോണ്‍വെയും ചേർന്ന് 60 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.35 പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കമാണ് കോണ്‍വെ 52 റണ്‍സ് നേടിയത്.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ഡാരെൽ മിച്ചലാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. 30 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 59 റണ്‍സുമായി ഡാരെൽ പുറത്താകാതെനിന്നു. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 15 റണ്‍സുള്ളപ്പോൾ ശുഭ്മാൻ ഗിൽ (7), ഇഷാൻ കിഷൻ (4), രാഹുൽ ത്രിപാഠി (0) എന്നിവർ പവലിയനിലെത്തി. സൂര്യകുമാർ യാദവ് (47), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (21) എന്നിവർ മാത്രമാണ് വാഷിംഗ്ടണിനൊപ്പം പൊരുതിയത്.
Source link