ഓസ്ട്രേലിയൻ ഓപ്പണ്‍: സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം മിക്സഡ് ഡബിൾസ് ഫൈനലിൽ
മെൽബണ്‍: ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ. സെമിയിൽ ബ്രിട്ടന്റെ നീൽ സ്കുപ്സ്കി-യുഎസിന്റെ ഡിസൈറെ ക്രോസിക് സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യൻ ജോഡിയുടെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരങ്ങളുടെ വിജയം. സ്കോർ 7-6, 6-7 (10-6). സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. 2016 റിയോ ഒളിംപിക്സിൽ മിക്സഡ് ഡബിൾസിൽ ഇരുവരും സെമി ഫൈനലിലെത്തിയിരുന്നു. രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസും വിജയിച്ചു. ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ യെലേന ഒസ്റ്റപെങ്കോ, ഡേവിഡ് വീഗ ഹെർണാണ്ടസ് സഖ്യത്തിനെതിരേ വാക്കോവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയുറപ്പിച്ചത്. തന്റെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിതെന്നു ടൂർണമെന്റിനു മുന്‍പുതന്നെ സാനിയ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കിരീടത്തോടെ കോർട്ടിനോടു വിടപറയാനാകുമെന്നാണു താരത്തിന്റെ പ്രതീക്ഷ.
ജോക്കോ സെമിയിൽ സെർബിയയുടെ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനലിൽ. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ ആന്ദ്രേ റുബ്ലേവിനെ 6-1, 6-2, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണു ജോക്കോയുടെ മുന്നേറ്റം. ഓസ്ട്രേലിയന്റ ഓപ്പണിൽ താരത്തിന്റെ തുടർച്ചയായ 26-ാം വിജയമാണിത്. ജോക്കോവിച്ചിന്റെ പത്താം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയാണിത്. 22-ാം ഗ്രാൻസ്ളാം കിരീടമെന്ന നേട്ടത്തിനു തൊട്ടരികയൊണു ജോക്കോ. മുപ്പത്തിയഞ്ചുകാരനായ ജോക്കോവിച്ച് കരിയറിലെ 44-ാം ഗ്രാൻസ്ലാം സെമി ഫൈനലാണു കളിക്കുന്നത്. 46 സെമി കളിച്ച റോജർ ഫെഡറർ മാത്രമാണു ജോക്കോയ്ക്കു മുന്നിലുള്ളത്.
Source link