ദുബായ്: ഐസിസിയുടെ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്, ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവരെ പിന്നിലാക്കിയാണു സിറാജ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 729 പോയിന്റാണു സിറാജിനുള്ളത്. തൊട്ടുപിന്നിലുള്ള ജോഷ് ഹെയ്സൽവുഡിന് 727 പോയിന്റുണ്ട്. ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരേ പുറത്തെടുത്ത ഗംഭീര പ്രകടനത്തിന്റെ ബലത്തിലാണു സിറാജിന്റെ ഒന്നാം റാങ്ക് നേട്ടം. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ ചുക്കാൻ പിടിച്ചതു സിറാജായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരന്പരയിൽ ഒന്‍പത് വിക്കറ്റും കിവീസിനെതിരായ പരന്പരയിൽ അഞ്ചുവിക്കറ്റും സിറാജ് നേടി. ഏകദിന ബോളർമാരിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32-ാം സ്ഥാനത്തെത്തി. ബാറ്റർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ശുഭ്മൻ ഗിൽ കുതിപ്പുനടത്തി. പുതിയ റാങ്കിംഗിൽ ഗിൽ ആറാമതാണ്. 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണു ഗിൽ ആറാമതെത്തിയത്. പരന്പര തുടങ്ങുംമുന്പ് ഗിൽ 26-ാം സ്ഥാനത്തായിരുന്നു. ന്യൂസിലൻഡിനെതിരായ മൂന്നുമത്സര പരന്പരയിൽ 360 റണ്‍സാണ് ഗിൽ അടിച്ചുകൂട്ടിയത്. ഒരു ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും ഇതിൽ ഉൾപ്പെടും. ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗത്തിൽ 2,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഗിൽ സ്വന്തമാക്കിയിരുന്നു.
ബാറ്റർമാരുടെ പട്ടികയിൽ പാക്കിസ്ഥാൻ താരം ബാബർ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റസി വാൻഡർ ഡസനും ക്വിന്റണ്‍ ഡിക്കോക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഗില്ലിനെക്കൂടാതെ വിരാട് കോഹ്ലി(7), രോഹിത് ശർമ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ. 4669.99 കോടി മുംബൈ: ബിസിസിഐയുടെ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ലേലം പൂർത്തിയായി. 4669.99 കോടി രൂപയ്ക്കാണു അഞ്ച് ഫ്രാഞ്ചൈസികളെ ഉടമകൾ സ്വന്തമാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ലക്നോ, ഡൽഹി എന്നിവയാണു ഫ്രാഞ്ചൈസികളുടെ ആസ്ഥാനം. 1289 കോടി രൂപയ്ക്ക് അദാനി സ്പോർട്സ് ലൈനാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 912.99 കോടി രൂപയ്ക്ക് മുംബൈ ഫ്രാഞ്ചൈസിയെ ഇന്ത്യവിൻ സ്പോർട്സും 901 കോടി രൂപയ്ക്ക് ബംഗളൂരുവിനെ റോയൽ ചലഞ്ചേഴ്സ് സ്പോർട്സും സ്വന്തമാക്കി. ജഐസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഫ്രാഞ്ചൈസിയെ 810 കോടി രൂപയ്ക്കാണു വാങ്ങിയത്. കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ലക്നോ ഫ്രാഞ്ചൈസിക്കായി 757 കോടി രൂപ മുടക്കി. 951 കോടി രൂപയ്ക്കാണ് ടൂർണമെന്റിന്റെ മീഡിയ റൈറ്റ്സ് ബിസിസിഐ വിറ്റത്. അഞ്ചു വർഷത്തേക്കാണു കരാർ. ഓരോ മത്സരത്തിനും 7.09 കോടി എന്ന നിലയിൽ ബിസിസിഐക്കു ലഭിക്കും.
Source link